വിലവർദ്ധന തീരുമാനിച്ചത് 35% സബ്സിഡി ഏർപ്പെടുത്താൻ;സജി ചെറിയാൻ

സിവിൽ സപ്ലൈസിൽ ലഭിക്കുന്ന എല്ലാ സാധനങ്ങൾക്കും 35% സബ്സിഡി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. മുഴുവൻ സാധനങ്ങളുടെയും വില ഏകീകരിച്ച് 25 ശതമാനത്തിൽ നിന്ന് 10% കൂടി ഉയർത്തുകയാണ് ചെയ്തത്. മാധ്യമങ്ങൾ ഇതു മനസ്സിലാക്കാതെയാണ് പ്രചാരണം നടത്തുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു.

സിഎംആർഎൽ വിവാദത്തിൽ സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിലും മന്ത്രി സജി ചെറിയാൻ മറുപടി നൽകി. ആരോപണം ഉന്നയിക്കുന്നവർ കോടതിയിൽ പോകണമെന്ന് മന്ത്രി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ കേസ് കൊടുക്കാനും തെളിവ് നൽകാനും തയ്യാറാകണം. വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ച് സർക്കാരിനെ ബോധപൂർവ്വം ഇകഴ്ത്തി കാട്ടാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസഭായോഗം അംഗീകാരം നൽകിയ പുതിയ വിലയ്ക്കാകും മാവേലി സ്റ്റോറുകളിൽ ഇനി സബ്‌സിഡി സാധനങ്ങൾ ലഭിക്കുക. പുതിയ നിരക്ക്‌ അനുസരിച്ച്‌ 13 ഇനം സാധനങ്ങളിൽ എറ്റവും വിലകൂടിയത് മുളകിനാണ്.

37.50 രൂപയ്ക്ക്‌ ലഭിച്ചിരുന്ന അരക്കിലോ മുളക് വാങ്ങാൻ ഇനി 82 രൂപ നൽകേണ്ടിവരും. 44.50 രൂപയാണ് വർധിച്ചത്. 65 രൂപ ആയിരുന്ന തുവരപ്പരിപ്പിന് 46 രൂപ വർദ്ധിച്ച് 111 രൂപയായി. വൻപയറിന് 31 രൂപ കൂടി. വില കാര്യമായി കൂടിയ മറ്റൊരു ഇനം ഉഴുന്നാണ്. 66 രൂപ ആയിരുന്ന ഉഴുന്ന് 29 രൂപ കൂടി 95 രൂപയായി. വൻകടല കിലോയ്ക്ക് 27 രൂപയും ചെറുപയറിന് 19രൂപയും പഞ്ചസാരയ്ക്ക് 6 രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയുമാണ് കൂടിയത്. കുറുവ, മട്ട അരികൾക്ക് 5 രൂപയും ജയ അരിക്ക് നാല് രൂപയും കൂടിയിട്ടുണ്ട്.

25 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഇനങ്ങൾ വാങ്ങാൻ 30 രൂപ വരെ ഇനി നൽകണം. പച്ചരിക്ക് മൂന്ന് രൂപ കൂടിയപ്പോൾ മല്ലിക്ക്‌ 50 പൈസ കുറഞ്ഞു. മല്ലിവില കണക്കാക്കിയപ്പോൾ പിശക് പറ്റിയോ എന്ന കാര്യം ഭക്ഷ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. ഉഴുന്ന്, പയർ ഇനങ്ങൾ മാത്രമാണ് നിലവിൽ മാവേലി സ്റ്റോറുകളിൽ സ്റ്റോക്ക് ഉള്ളത്. സാധനങ്ങൾ പുതിയ സ്റ്റോക്ക് വരുമ്പോൾ മാത്രമേ പുതിയ വില പ്രാബല്യത്തിൽ ആകൂ.

Top