ലോക്സഭയിലെ വിലക്കയറ്റ ചർച്ച; പച്ച വഴുതന കടിക്കുന്ന തൃണമൂൽ എം പിയുടെ വീഡിയോ വൈറൽ

ദില്ലി: ലോക്‌സഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ച കഴിഞ്ഞ ദിവസമാണ് നടന്നത്. അതിനിടെ  എൽപിജി വില വർധന വിഷയം ഉന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗം കക്കോലി ഘോഷ് സഭയില്‍ പച്ച വഴുതിനയുമായി എത്തി തന്‍റെ വാദങ്ങള്‍ അവതരിപ്പിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു.

“ഞങ്ങൾ പച്ചക്കറികൾ വേവിക്കാതെ കഴിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടോ എന്ന് താൻ ആശ്ചര്യപ്പെടുന്നുവെന്ന് പറഞ്ഞാണ്, ഇവര്‍ പച്ച വഴുതിനിങ്ങ കടിച്ചത്. എല്‍പിജി വില വര്‍ദ്ധനവ് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താനായിരുന്നു തൃണമൂല്‍ എംപിയുടെ ശ്രമം. കക്കോലി ഘോഷിന്റെ ‘വഴുതിനിങ്ങ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചര്‍ച്ചയില്‍ പണപ്പെരുപ്പ പ്രശ്‌നം പരിഹരിക്കുന്നതിലെ സർക്കാരിന്റെ ഗൗരവം കക്കോലി ഘോഷ് ചോദ്യം ചെയ്തു, ഉജ്ജ്വല പദ്ധതി പ്രകാരം സിലിണ്ടർ ലഭിച്ചവർക്ക് റീഫിൽ ചെയ്യാൻ പണമില്ലെന്ന് ഇവര്‍ പറഞ്ഞു. ബിജെപി പ്രതിപക്ഷത്തിരിക്കുമ്പോൾ വിലക്കയറ്റത്തിൽ എൽപിജി സിലിണ്ടറുമായി പ്രതിഷേധിച്ച മന്ത്രിയുടെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി മന്ത്രി സ്മൃതി ഇറാനിയെ ഉദ്ദേശിച്ച് പറയുകയും ചെയ്തു.

 

Top