ഏലക്കാ വിലയില്‍ വന്‍ ഇടിവ്; ഒരു മാസത്തിനിടെ 500 രൂപയുടെ കുറവ്‌

കട്ടപ്പന:കേരളത്തില്‍ ഏലക്കാ വിലയില്‍ വന്‍ ഇടിവ്. ഒരു മാസത്തിനിടയില്‍ ലേല കേന്ദ്രങ്ങളില്‍ 500 രൂപയുടെ വരെ വില കുറവുണ്ടായി.

സെപ്റ്റംബര്‍ 14നു കുമളി കാര്‍ഡമം പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ലേലത്തില്‍ 1600 രൂപ ഉയര്‍ന്ന വില രേഖപ്പെടുത്തിയപ്പോള്‍ ഇന്നലെ നടന്ന വണ്ടന്‍മേട് മാസ് എന്റര്‍പ്രൈസസിന്റെ ലേലത്തില്‍ 1281 രൂപ മാത്രമാണ് രേഖപ്പെടുത്തിയത്.

ശരാശരി വിലയിലും 300 രൂപയിലധികം ഇടിവുണ്ട്. കഴിഞ്ഞ മാസം 14നു ശരാശരി വില 1224 രൂപ രേഖപ്പെടുത്തിയപ്പോള്‍ ഇന്നലെ 910 രൂപ മാത്രമാണ് രേഖപ്പെടുത്തിയത്.

ഗ്രീന്‍ഹൗസ് കാര്‍ഡമം മാര്‍ക്കറ്റിങ് ഇന്ത്യയുടെ ലേലത്തില്‍ ഇന്നലത്തെ ഉയര്‍ന്ന വില 1026 രൂപയും ശരാശരി വില 896 രൂപയുമാണ്.

ലേല കേന്ദ്രങ്ങളില്‍ വില കുറഞ്ഞു തുടങ്ങിയതോടെ ചെറുകിട കര്‍ഷകരില്‍ നിന്ന് ഏലക്കാ വാങ്ങുന്ന കച്ചവടക്കാര്‍ അതിലും കുറഞ്ഞ വിലയ്ക്കാണ് ഉല്‍പന്നം വാങ്ങുന്നത്.

700, 800 രൂപയ്ക്കാണ് ഇന്നലെ കട്ടപ്പനയിലെ കച്ചവടക്കാര്‍ ഏലക്കാ വാങ്ങിയത്.

Top