20,000 രൂപയ്ക്ക് താഴെ വില; വിപണിയിലുള്ള മൂന്ന് 5ജി സ്മാര്‍ട്ട്‌ഫോണുകള്‍

ന്ത്യയുടെ ടെലികോം രംഗം മുന്നേറുന്നത് 5ജി കണക്ടിവിറ്റിയുടെ ലോകത്തേക്കാണ്. 5ജി കണക്ടിവിറ്റി രാജ്യത്തെങ്ങുമെത്താന്‍ ഇനിയും കാലങ്ങള്‍ പിടിക്കും എങ്കിലും ധാരാളം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ തന്നെ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചു കഴിഞ്ഞു. ഓപ്പോ, വണ്‍പ്ലസ്, റിയല്‍മി, ആപ്പിള്‍ തുടങ്ങിയ നിരവധി ബ്രാന്‍ഡുകളുടെ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. അതെ സമയം വിലക്കൂടുതല്‍ ആണ് ഈ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ 20,000 രൂപയ്ക്ക് താഴെ വിലയുള്ള നിരവധി 5ജി ഫോണുകളാണ് വിപണിയിലെത്തിയത്. ഈ വര്‍ഷം പകുതിയായപ്പോഴേക്കും 15,000 രൂപയ്ക്ക് താഴെ വിലയിലും 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം എന്നായി.

ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആണ് റിയല്‍മി 8 5ജി. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപ, 4 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപ എന്നിങ്ങനെയാണ് റിയല്‍മി 8 5ജിയുടെ വില. ഇത് കൂടാതെ 16,999 രൂപയ്ക്ക് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിലും റിയല്‍മി 8 5ജി ലഭ്യമാണ്. സൂപ്പര്‍സോണിക് ബ്ലാക്ക്, സൂപ്പര്‍സോണിക് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമായ റിയല്‍മി 8 5ജി, ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ റിയല്‍മി UI 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

90 ഹെര്‍ട്‌സ് സ്‌ക്രീന്‍ റിഫ്രഷ് റേറ്റ്, 90.5 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം, 405 പിപി പിക്സല്‍ ഡെന്‍സിറ്റി, 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1,080 × 2,400 പിക്സല്‍) ഡിസ്പ്ലേയാണ് റിയല്‍മി 8 5ജിയ്ക്ക്. ഒക്ടകോര്‍ മീഡിയടെക് ഡിമെന്‍സിറ്റി 700 SoC പ്രോസസ്സര്‍ ആണ് ഫോണിന്റെ ഹൃദയം. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുള്ള ട്രിപ്പിള്‍ ക്യാമറയാണ് റിയല്‍മി 8 5ജിയ്ക്ക്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ ഫോണിലുണ്ട്. 18W ക്വിക്ക് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ്.

പോക്കോയുടെ ആദ്യ 5ജി ഫോണായി വിപണിയിലെത്തിയ M3 പ്രോ 5ജിയുടെ 4 ജിബി റാം + 64 ജിബി പതിപ്പിന് 13,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി വേരിയന്റിന് 15,999 രൂപയ്ക്കും ലഭ്യമാണ്. പോക്കോ യെല്ലോ, കൂള്‍ ബ്ലൂ, പവര്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്ന പോക്കോ M3 പ്രോ 5ജിയ്ക്ക് 1100 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും, 90Hz റിഫ്രഷ് റേറ്റും ഡൈനാമിക്‌സ്വിച്ച് ഫീച്ചറുമുള്ള 6.50 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്. മാലി-G57 MC2 ജിപിയുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 700 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍, ക്ലോസ്-അപ്പ് ഷോട്ടുകള്‍ക്കായി 2 മെഗാപിക്സല്‍ മാക്രോ ലെന്‍സ് എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ക്യാമറയാണ് പോക്കോ M3 പ്രോ 5ജിയ്ക്ക്. 18W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ 5,000mAh ബാറ്ററി ആണ് ഫോണില്‍ പാക്ക് ചെയ്തിരിക്കുന്നത്. ബോക്‌സില്‍ 22.5W ചാര്‍ജര്‍ ലഭിക്കും.

ഒപ്പോയുടെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്‌ഫോണ്‍ ആണ് A53s 5ജി. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപയാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,990 രൂപയ്ക്കും ലഭ്യമാണ്. 88.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോയും 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുള്ള 6.52 ഇഞ്ച് എച്ച്ഡി + (720×1,600 പിക്സല്‍) ഡിസ്പ്ലേയാണ് ഫോണിന്. മീഡിയടെക് ഡൈമെന്‍സിറ്റി 700 SoC പ്രോസസ്സറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിങ്ങനെയാണ് ട്രിപ്പിള്‍ റിയര്‍ ക്യാമറ. 17.74 മണിക്കൂര്‍ തുടര്‍ച്ചയായ വീഡിയോ പ്ലേബാക്ക് നല്‍കാനാകുമെന്ന് ഒപ്പോ അവകാശപ്പെടുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഒപ്പോ A53s 5ജിയ്ക്ക്.

 

 

Top