കൂട്ടബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാൻ സമ്മർദ്ദം; ഇരയായ 16കാരി മരിച്ച നിലയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സംബലിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 16 കാരി മരിച്ച നിലയിൽ. പ്രതികൾ ഒത്തുതീർപ്പിനു സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പീഡന പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആഗസ്ത് 15ന് സംബൽ ജില്ലയിലെ കുർഹ്ഫത്തേഗഡ് പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. എന്നാൽ, ഒരു നടപടികളും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കൂടാതെ പ്രതികളുടെ കുടുംബം കേസ് ഒത്തുതീർപ്പാക്കാൻ പെൺകുട്ടിക്ക് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു. പൊലീസ് പ്രതികളിൽ നിന്ന് പണം വാങ്ങിയ ശേഷം കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഒരുമാസം മുൻപായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ ബലമായി അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ മാനസികമായി തകർന്ന പെൺകുട്ടി ദിവസങ്ങൾക്ക് ശേഷമാണ് വീട്ടുകാരോട് വിവരം പറയുന്നത്. പിന്നാലെ, പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ഇപ്പോൾ പെൺകുട്ടിയുടെ മരണവിവരം പുറത്ത് വന്നതിനെ തുടർന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിരേഷ് എന്നയാളാണ് അറസ്റ്റിലായത്. മൂന്ന് പേർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ജിനേഷ്, സുവേന്ദ്ര, ബിപിൻ എന്നിവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സുവേന്ദ്രയാണ് രാത്രി പെൺകുട്ടിയെ വീട്ടിൽ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോയത്.

Top