‘ബ്രിജ് ഭുഷൺ കേസിൽ പെൺകുട്ടി മൊഴിമാറ്റിയത് കനത്ത സമ്മർദ്ദത്തിൽ’; ഗുസ്തി താരങ്ങൾ

ന്യൂഡൽഹി : ലൈംഗികാതിക്രമ പരാതിയിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള പരാതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴിമാറ്റിയത് കനത്ത സമ്മർദ്ദത്തിലെന്ന് ഗുസ്തി താരം സാക്ഷി മാലിക്. ദേശീയ മാധ്യമത്തോടു നൽകിയ അഭിമുഖത്തിലാണു സാക്ഷി മാലിക്കിന്റെ വെളിപ്പെടുത്തൽ.

‘‘സമരം ഒത്തുതീർപ്പാക്കുന്നതിനായി ഞങ്ങൾ കനത്ത സമ്മർദ്ദമാണ് നേരിടുന്നത്. ഫോണിലൂടെയും മറ്റും നിരവധി ഭീഷണിപ്പെടുത്തലുകളാണ് വരുന്നത്. പരാതി പിൻവലിക്കണമെന്ന ഭീഷണികളിൽ പെൺകുട്ടിയുടെ പിതാവ് മാനസിക സമ്മർദ്ദത്തിലായി’’ – സാക്ഷി മാലിക് പറഞ്ഞു.

‘‘ലൈംഗികാതിക്രമ പരാതിയിൽ സമരത്തിന്റെ തുടക്കം മുതൽ തന്നെ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ഇടപെടലിൽ സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്തി അന്വേഷണം വഴിതെറ്റിക്കുമെന്നതിനാലാണ് അറസ്റ്റ് ആവശ്യപ്പെട്ടിരുന്നത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ സത്യസന്ധമായ അന്വേഷണം സാധ്യമാകില്ല’’– സാക്ഷി മാലിക് വ്യക്തമാക്കി.

‘‘കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ്ങ് ഠാക്കൂറുമായി നടത്തിയ ചർച്ചകൾ പ്രകാരം ജൂൺ 15നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ തുടർസമര പരിപാടികൾ തീരുമാനിക്കാൻ ഇന്നു ചേർന്ന മഹാപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട് ഞങ്ങൾ സമരത്തിൽനിന്ന് പിന്നോട്ടു പോയിട്ടില്ല. പൊലീസ് അന്വേഷണത്തിൽ‌ ഞങ്ങൾക്കു വിശ്വാസമില്ല. ബ്രിജ് ഭൂഷണെ സഹായിക്കുന്ന നിലപാടാണ് പൊലീസിനുള്ളത്’’– ബജ്‌‌രംഗ് പുനിയ പ്രതികരിച്ചു.

ബ്രിജ് ഭൂഷണിനെതിരെ നൽകിയതു വ്യാജ പരാതിയാണെന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ ‌ലൈംഗികാതിക്രമ പരാതി നൽകിയ വനിതാ ഗുസ്തി താരത്തെ ദേശീയ റെസലിങ് ഫെഡറേഷൻ ഓഫീസിലെത്തിച്ചു തെളിവെടുപ്പു നടത്തി. എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെയാണ് പൊലീസിന്റെ തുടർനടപടികൾ.

Top