മർദ്ദ വ്യത്യാസം; ദില്ലിയിൽ സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

ദില്ലി : ദില്ലി – ജബൽപൂർ സ്പൈസ് ജെറ്റ് വിമാനം പറന്നുയര്‍ന്ന ഉടനെ തിരിച്ചിറക്കി. വിമാനത്തിനുള്ളിൽ മർദ്ദ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടന്നാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനം ആറായിരം അടി ഉയ‍ർന്നിട്ടും അതിനനുസരിച്ചുള്ള മർദ്ദം ഉണ്ടായില്ല. തുടർന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതായും യാത്രാക്കാര്‍ സുരക്ഷിതരാണെന്ന് സ്പൈസ്ജെറ്റ് അധികൃത‍ര്‍ അറിയിച്ചു.

പക്ഷി ഇടിച്ചതിനെ തുട‍ര്‍ന്ന് തീപിടിച്ചതോടെ സ്പൈസ് ജെറ്റ് പാറ്റ്ന വിമാനവും രാവിലെ തിരിച്ചിറക്കിയിരുന്നു. പാറ്റ്ന -ദില്ലി സ്പൈസ് ജെറ്റ് വിമാനത്തിനാണ് തീ പിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ ഒഴിപ്പിച്ചു. ഒന്നാം നമ്പർ എ‍ഞ്ചിനിലാണ് പക്ഷി ഇടിച്ചതെന്നും എഞ്ചിന് ഓഫാക്കി വിമാനം നിലത്തിറക്കുകയായിരുന്നുവെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. വിശദമായ പരിശോധനയില്‍ 185 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിൻറെ എഞ്ചിന്‍ ഫാനിന്‍റെ മൂന്ന് ബ്ലെയിഡുകള്‍ തകർന്നതായി കണ്ടത്തി.

Top