സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു; ഇന്ന് നല്‍കിയത് 47000 കിറ്റുകള്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 വിഭവങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചെന്ന് മുഖ്യമന്ത്രി. എഐവൈ വിഭാഗത്തില്‍പ്പെട്ട ആദിവാസി മേഖലകളിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 47000 കിറ്റുകളാണ് ഇന്ന് വിതരണം ചെയ്തത്.

അതേസമയം, ലോക്ക് ഡൗണ്‍ കാരണം കഷ്ടത്തിലായ ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യ തൊഴിലാളികള്‍ക്ക് 2000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 50000ത്തോളം വരുന്ന ലോട്ടറി തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കും.

കേരളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള സ്റ്റേറ്റ് ഈറ്റ, കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള അസംഘടിത തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് തുടങ്ങിയവയില്‍ നിന്നും തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കും.

സര്‍ക്കസ് കലാകാരന്മാര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ തീരുമാനമായി. നഗരസഭകളില്‍ ശുചീകരണ, മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ പാസ് നല്‍കും. അവരെ തടയുന്ന സംഭവം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Top