പയ്യന്നൂരിലെ പോളിങ് ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ക്ക് മര്‍ദനം

BEAT

കണ്ണൂര്‍: പയ്യന്നൂരിലെ പോളിങ് ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ക്ക് മര്‍ദനം. പയ്യന്നൂര്‍ കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തിലാണ് സംഭവം. പാനൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനെ സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചത്.

തലശേരി പാറാല്‍ ഡിഐഎ കോളജ് പ്രഫസറാണ് മുഹമ്മദ് അഷറഫ്. റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ പ്രിസൈഡിങ് ഓഫീസര്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മര്‍ദനമുണ്ടായത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിങ് ഓഫിസര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പോളിങ് നിര്‍ത്തിവച്ചു. മര്‍ദനമേറ്റ പ്രിസൈഡിങ് ഓഫീസര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പകരം മറ്റൊരു ഓഫീസറെ ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഇവിടെ പോളിങ് ആരംഭിച്ചത്. മുഹമ്മദ് അഷറഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

 

Top