പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബിജെപി; നാല് ജില്ലകളില്‍ വൈകുന്നു

തിരുവനന്തപുരം: ബിജെപി പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ വിവി രാജേഷാണ് പ്രസിഡന്റ് , പത്തനംതിട്ടയില്‍ അശോകന്‍ കുളനട ജില്ലാ പ്രസിഡന്റ് ആയി തുടരും. ഇടുക്കിയില്‍ കെഎസ് അജി, തൃശൂരില്‍ കെ.കെ അനീഷ്, കോഴിക്കോട് വി.കെ സജീവന്‍ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തുള്ളത്.

കൊല്ലത്ത് ബി ബി ഗോപകുമാര്‍ തുടരും. വയനാട് ബിജെപി ജില്ല പ്രസിഡന്റായി സജി ശങ്കറിനെ വീണ്ടും തിരഞ്ഞെടുത്തു. തൊണ്ടര്‍നാട് സ്വദേശിയാണ്. അഡ്വ. ഇ കൃഷ്ണദാസ് പാലക്കാട് ബിജെപി ജില്ല പ്രസിഡന്റായി തുടരും. മലപ്പുറത്ത് രവി തേലത്തും ആലപ്പുഴയില്‍ എംവി ഗോപകുമാറുമാണ് പ്രസിഡന്റുമാര്‍.

പ്രഖ്യാപിച്ച പത്തില്‍ ഏഴിടത്തും കൃഷ്ണദാസ് പക്ഷം നേടിയപ്പോള്‍ രണ്ടിടത്ത് മാത്രമാണ് മുരളീധര പക്ഷത്തിന് പ്രസിഡന്റ് സ്ഥാനം നേടാനായത്. തിരുവനന്തപുരത്തും പാലക്കാട്ടും ആണ് മുരളീധര പക്ഷം നേതാക്കള്‍ ജില്ലാ പ്രസിഡന്റുമാരായി . കൊല്ലത്ത് ഗ്രൂപ്പുകള്‍ക്ക് അപ്പുറം ആര്‍എസ്എസ് നോമിനിയാണ് ജില്ലാ പ്രസിഡന്റായത് . എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കൂടിയാണ് ഗോപകുമാര്‍.

കാസര്‍കോട് എറണാകുളം കോട്ടയം കണ്ണൂര്‍ എന്നീ ജില്ലകളിലാണ് പ്രസിഡന്റുമാരെ തെരഞ്ഞടുക്കുന്നതിലുള്ള തീരുമാനം നീളുന്നത്. മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള പോയതിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആളെത്തിയിട്ടില്ല ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ പുതിയ സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നാണ് ബിജെപി കേരളാ ഘടകത്തിന്റെ പ്രതീക്ഷ.

Top