മഹാരാഷ്ട്രയില്‍ നടന്നത് അതി നാടകീയ നീക്കങ്ങള്‍; കഥയും, തിരക്കഥയും നേരത്തെ ഒരുക്കി

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നില്‍ നടന്നത് മുന്‍കൂട്ടി ഒരുക്കിയ തിരക്കഥ പ്രകാരം. ബിജെപി, എന്‍സിപി ഗവണ്‍മെന്റ് അധികാരം ഏറ്റെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് നിലനിന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു. പതിനാല് ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന രാഷ്ട്രപതി ഭരണം പുലര്‍ച്ചെ 5.47നാണ് പിന്‍വലിക്കപ്പെട്ടത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ഇന്ന് രാവിലെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച ഗസ്റ്റ് വിജ്ഞാപനം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല രാവിലെ 5.47ന് പുറത്തിറക്കി. ശനിയാഴ്ച ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപി, കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ പ്രഖ്യാപനം നടത്താന്‍ കൂട്ടിയും കിഴിച്ചും വിലപേശിയും ഉറപ്പിച്ച് ഈ കക്ഷികളിലെ നേതാക്കള്‍ കിടന്നുറങ്ങിയ സമയത്താണ് ബിജെപിയും, എന്‍സിപിയും ഉറങ്ങാതെ അണിയറയില്‍ പദ്ധതി നീക്കിയത്.

രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് പിന്നാലെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും, എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നവംബര്‍ 12നാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആരംഭിച്ചത്. ശനിയാഴ്ച രാവിലെ അപ്രതീക്ഷിതമായി അരങ്ങേറിയ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ആദ്യം രംഗത്ത് വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

‘ദേവേന്ദ്ര ഫഡ്‌നാവിസ് ജിക്കും, അജിത് പവാര്‍ ജിക്കും അഭിനന്ദനങ്ങള്‍. ഇവര്‍ മഹാരാഷ്ട്രയുടെ ഉജ്ജ്വല ഭാവിക്കായി പ്രവര്‍ത്തിക്കുമെന്ന് ആത്മവിശ്വാസമുണ്ട്’, പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. എന്‍സിപി മേധാവി ശരത് പവാറിന്റെ മരുമകനാണ് അജിത് പവാര്‍. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം തന്നെയാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ തന്റെ ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കിയതെന്ന് ഈ സംഭവം സ്ഥിരീകരിക്കുന്നു.

Top