president’s rule either an unbroken Partnership of Paneer shelvam and stalin

ചെന്നൈ: കാവല്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവുമായ ഒ.പനീര്‍ശെല്‍വവും ശശികലക്കെതിരെ രംഗത്ത് വന്നതോടെ മുഖ്യമന്ത്രിയായി ഇനി സത്യപ്രതിജ്ഞ ചെയ്താലും നിയമ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക ശശികലക്ക് വെല്ലുവിളിയാകും.

പാര്‍ട്ടി വിളിച്ച യോഗത്തില്‍ ഭൂരിപക്ഷം എം എല്‍ എമാരും ശശികലക്കൊപ്പമാണെങ്കിലും ഇവര്‍ അനിവാര്യമായ ഘട്ടത്തില്‍ കൂടെ നില്‍ക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മാത്രമല്ല ശശികലയെ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ആക്കിയതിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷനും ഉടക്കുമായി രംഗത്ത് വന്നത് അവര്‍ക്ക്‌ വെല്ലുവിളിയാണ്.

തന്നെ പിന്‍തുണക്കുന്ന എം എല്‍ എമാരെ കൂടെ നിര്‍ത്തിയും പ്രതിപക്ഷ പിന്തുണ വാങ്ങിയും പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാനാണ് പനീര്‍ശെല്‍വത്തിന്റെ പ്ലാന്‍. അതല്ലങ്കില്‍ പിളര്‍ന്ന് വരുന്ന എം എല്‍ എമാരെ മുന്‍ നിര്‍ത്തി ഡിഎംകെ നേതാവ് സ്റ്റാലിനെ പിന്തുണക്കം.ഈ രണ്ട് സാധ്യതകളിലേക്കാണ് ഇപ്പോള്‍ തമിഴകത്തിന്റെ പോക്ക്.

രണ്ടിലും ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകമായതിനാല്‍ ബി ജെ പി കേന്ദ്ര നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.

ശശികലക്ക് വഴി ഒരുക്കുന്നതിനായി മുഖ്യമന്ത്രി പദം രാജിവച്ച പനീര്‍ശെല്‍വം ഇപ്പോള്‍ കാവല്‍ മുഖ്യമന്ത്രിയായി തല്‍ക്കാലം തുടരുകയാണെങ്കിലും രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. തന്നെ നിര്‍ബന്ധിച്ച് രാജിവയ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.

ശശികല മുഖ്യമന്ത്രിയായി ഇനിയും സത്യപ്രതിജ്ഞ ചെയ്യുകയാണെങ്കില്‍ വിശ്വാസ വോട്ട് തേടുമ്പോള്‍ വിട്ട് നില്‍ക്കാനാണ് പനീര്‍ശെല്‍വം വിഭാഗത്തിന്റെ തീരുമാനം. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും.

എന്നാല്‍ ശശികലയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് അനിശ്ചിതത്വം തുടര്‍ന്നാല്‍ രാഷ്ട്രപതി ഭരണത്തിലേക്ക് പോവാതെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന അഭിപ്രായമാണ് ഡിഎംകെ നേതൃത്വത്തിലുള്ളത്. ഇക്കാര്യത്തില്‍ പനീര്‍ശെല്‍വം വിഭാഗവുമായി ധാരണയിലെത്താനാണ് ശ്രമം.

മന്ത്രിസഭ രൂപീകരിക്കണമെങ്കില്‍ 234 അംഗ നിയമസഭയില്‍ 118 അംഗങ്ങളുടെ പിന്തുണ വേണം.നിലവില്‍ ഡിഎംകെക്ക് 89 സീറ്റാണ് ഉള്ളത്. സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന് 8ഉം മുസ്ലീം ലീഗിന് ഒരു സീറ്റുമുണ്ട്.20 എം എല്‍ എ മാരുടെ പിന്തുണയാണ് വേണ്ടത്. പനീര്‍ശെല്‍വ വിഭാഗത്തിന് ഈ സംഖ്യ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ പുതിയകൂട്ട്‌കെട്ടിന് കാര്യങ്ങള്‍ എളുപ്പമാകും.

തമിഴ്‌നാട്ടില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുള്ള ബി ജെ പി,ഡി എം കെക്ക് പ്രാമുഖ്യമുള്ള ഒരു സര്‍ക്കാര്‍ വരാന്‍ ആഗ്രഹിക്കുമോ അതോ ശശികലയെ അധികാരത്തിലെത്തിക്കാന്‍ ശ്രമിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ സര്‍ക്കാരുണ്ടാകുക.

ശശികലക്കാണ് നറുക്ക് വീഴുന്നതെങ്കില്‍ ആറു മാസത്തിനുള്ളില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുക എന്നത് വലിയ വെല്ലുവിളിയാണ്.

Top