11 കോടി കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി നല്കിയെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

ന്യൂഡല്‍ഹി: പതിനൊന്ന് കോടി കര്‍ഷകര്‍ക്ക് ഇതുവരെ കിസാന്‍ സമ്മാന്‍ നിധി നല്കിയെന്ന് വ്യക്തമാക്കി കര്‍ഷകരോഷം തണുപ്പിക്കാന്‍ ശ്രമിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും രാഷ്ട്രപതി പറഞ്ഞു. കൂടാതെ, സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലൂടെ വ്യക്തമാക്കി.

എല്ലാവരുടെയും കൂടെ എല്ലാവരുടെയും വിശ്വാസം എന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ അടുത്ത 25 കൊല്ലത്തെ വികസന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി ഇതു തടയാനുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത് ഹജ്ജ് യാത്രയ്ക്ക് പോകുന്ന സ്ത്രീകള്‍ക്കുണ്ടായിരുന്ന തടസ്സങ്ങളും സര്‍ക്കാര്‍ നീക്കി. സ്ത്രീ ശാക്തീകരണത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് വിവാഹപ്രായം ഉയര്‍ത്താനുള്ള നിയമനിര്‍മ്മാണം തുടങ്ങിയ കാര്യം നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞത്.

രാഷ്ട്രപതിയുടെ പ്രസംഗം ബഹളത്തോടെയാണ് തുടങ്ങിയത്. തമിഴ്‌നാട്ടില്‍ നീറ്റ് ഒഴിവാക്കാനുള്ള ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പു വയ്ക്കാത്തതിലായിരുന്നു പ്രതിഷേധം. കൊവിഡിനെതിരെ ഒരു ടീമായി രാജ്യം പോരാടിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയില്‍ തയ്യാറാക്കിയ വാക്‌സീനുകള്‍ ലോകത്തെയാകെ മഹാമാരിയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. 2,60,000 കോടി മുടക്കി സൗജന്യ ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് വിതണം ചെയ്തു. പതിനൊന്ന് കോടി കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി പ്രകാരം 6000 രൂപ വീതം നല്കി. ഇന്ത്യ വീണ്ടും സാമ്പത്തി വികസനത്തിന്റെ പാതയിലെന്നും രാഷ്ട്രപതി പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയ്ക്കിടയിലും നിരവധി പേരെ മടക്കിക്കൊണ്ടു വരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ സേനകള്‍ക്കു വേണ്ട ഉപകരണങ്ങളില്‍ എണ്‍പതു ശതമാനവും രാജ്യത്തിനകത്ത് നിര്‍മ്മിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. എന്നാല്‍ ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടില്ല.

Top