രാഷ്ട്രപതിയുടെ മെഡൽ കാക്കിയിലെ കരുത്തന് . . .

ന്യൂഡൽഹി: സംസ്ഥാന പൊലീസിലെ ഏറ്റവും കരുത്തനായ ഐ.പി.എസ് ഓഫീസറെ തേടി ഒടുവിൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും. അർഹതയ്ക്കുള്ള അംഗീകാരമാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനു ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 1994- ൽ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം, അടൂർ, കാസർകോട് സബ് ഡിവിഷനുകളിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചിരുന്നത്. പിന്നീട് 1998 -ൽ പത്തനംതിട്ട,കൊല്ലം ജില്ലകളിൽ പോലീസ് മേധാവിയായി അദ്ദേഹം സ്ഥാനമേറ്റു. ഇതിനു ശേഷം നാല് വർഷം കണ്ണൂർ എസ്പിയായിരുന്നു.രാഷ്ട്രീയ കലാപ കേന്ദ്രമായിരുന്ന കണ്ണൂരിൽ, ആക്രമണം അടിച്ചമർത്തി സമാധാനം തിരികെ കൊണ്ടുവന്നത് മനോജ് എബ്രഹാമിന്റെ ഇടപെടലിനെ തുടർന്നായിരുന്നു. മുഖം നോക്കാതെ മനോജ് എബ്രഹാം സ്വീകരിച്ച നിലപാടുകൾക്ക്, വലിയ സ്വീകാര്യതയാണ് പൊതു സമൂഹത്തിൽ നിന്നും ലഭിച്ചിരുന്നത്.

പോലീസ് ഹെഡ്ക്വാട്ടേഴ്സിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറലായും, തിരുവനന്തപുരം, കൊച്ചി, നഗരങ്ങളിൽ സിറ്റി പൊലീസ് കമ്മീഷണറായും അദ്ദേഹം പ്രവർത്തിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരിക്കെ എം.ജി.കോളജ് സംഘർഷത്തിൽ, സി.ഐ ആക്രമിക്കപ്പെട്ടതോടെ, കോളജിനകത്തു കയറി പൊലീസ് സ്വീകരിച്ച നടപടിക്ക് നേതൃത്വം കൊടുത്തതും മനോജ് എബ്രഹാമായിരുന്നു. ഒടുവിൽ പൊലീസ് നടപടി പിൻവലിപ്പിക്കാൻ, സോണൽ ഐ.ജിക്കു തന്നെ നേരിട്ട് സംഭവസ്ഥലത്ത് എത്തേണ്ടിയും വന്നിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ഗുണ്ടകളെ പൊലീസ് കാര്യമായി ‘കൈകാര്യം ‘ ചെയ്തതും മനോജ് എബ്രഹാം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കാലയളവിലാണ്.

2014ൽ ഐ ജിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാം തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിയായി പ്രവർത്തിച്ചപ്പോഴും, നിരവധി പൊലീസ് നടപടികൾക്ക് നേരിട്ട് നേതൃത്വം നൽകിയിട്ടുണ്ട്. 2019 -ൽ ആയിരുന്നു എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നത്. തുടർന്ന് പൊലീസ് ആസ്ഥാനത്ത് ഭരണ വിഭാഗത്തിലായിരുന്നു നിയമനം. കേരള പോലീസ് സൈബർ ഡോമിന്റെ നോഡൽ ഓഫീസറുടെ ചുമതലയും അദ്ദേഹത്തിനാണ് സർക്കാർ നൽകിയിരുന്നത്. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന പുതിയ കാലത്ത്, രാജ്യത്തെ ഏറ്റവും ശക്തമായ സൈബർ സംവിധാനമായി സൈബർ ഡോമിനെ മാറ്റിയെടുക്കുന്നതിലും നിർണ്ണായക പങ്കാണ് മനോജ് എബ്രഹാം വഹിച്ചിരിക്കുന്നത്. സൈബർ ഡോമിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടക്കുന്ന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനങ്ങളിൽ, രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു പുറമെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സൈബർ വിദഗ്ദരും, അന്താരാഷ്ട്ര സൈബര്‍ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും, ഹാക്കർമാരുമെല്ലാം പങ്കെടുക്കാറുണ്ട്. ഈ കേരള മോഡലാണ് മറ്റു സംസ്ഥാനങ്ങളും ഇപ്പോൾ പിന്തുടരുന്നത്.

കേരളാ പോലീസിന്റെ അഭിമാന പദ്ധതിയായ സൈബര്‍ ഡോം, 2019-ൽ നടന്ന സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയിൽ പോലും ഇടംപിടിച്ചിട്ടുണ്ട്. പൊതുവിജ്ഞാന പരീക്ഷയുടെ മൂന്നാം പേപ്പറിലാണ്, ഇതു സംബന്ധമായ പത്തുമാര്‍ക്കിന്റെ ചോദ്യം പ്രത്യക്ഷപ്പെട്ടിരുന്നത്. എന്താണ് സൈബര്‍ഡോം പ്രോജക്ട് എന്നും, ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇത് എത്രമാത്രം ഉപയോഗപ്രദമാണെന്നുമായിരുന്നു ചോദ്യം. സാങ്കേതിക വിദ്യകളുടെ പുതിയ കാലത്ത് സൈബർ ഡോമിന്റെ പ്രസക്തി എത്രമാത്രമെന്ന് വ്യക്തമാക്കുന്ന ചോദ്യം തന്നെയാണത്. സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ്, സൈബര്‍ഡോം നിലവിൽ പ്രവർത്തിച്ചു വരുന്നത്. തന്ത്രപ്രധാനമായ വിജിലൻസ് ഡയറക്ടറുടെ പദവിയിൽ നിയമിച്ചിട്ടും, മനോജ് എബ്രഹാമിനെ സൈബർ ഡോമിന്റെ ചുമതലയിൽ തുടരാൻ അനുവദിച്ചത്, അദ്ദേഹത്തിന് ഈ രംഗത്തുള്ള പ്രത്യേക കഴിവു കൂടി പരിഗണിച്ചാണ്.

മുൻപും നിരവധി പുരസ്ക്കാരങ്ങൾ ഈ ഐ.പി.എസ് ഓഫീസറെ തേടി എത്തിയിട്ടുണ്ട്. സാമൂഹിക നയപരിപാടികൾക്കും ട്രാഫിക് പരിഷ്കാരങ്ങൾക്കുമായുള്ള എബ്രഹാം അവാർഡ്, 2009-ൽ റോട്ടറി ഇന്റർനാഷണലിൽ നിന്നും വൊക്കേഷണൽ എക്സലൻസ് അവാർഡ്, 2010-ൽ Y’s Men ഇന്റർനാഷണൽ അവാർഡ്, 2011 -ൽ കൊച്ചി പീപ്പിൾസ് ഫോറത്തിന്റെ പുരസ്ക്കാരം തുടങ്ങിയവ ഇതിൽ ചിലതാണ്. സൈബർ കുറ്റകൃത്യങ്ങളും സൈബർ സുരക്ഷയും തടയുന്നതിനും കണ്ടുപിടിത്തങ്ങൾക്കുമായി, കേരള പോലിസിനു ലഭിച്ച അവാർഡുകൾക്കു പിന്നിലും മനോജ് എബ്രഹാമിന്റെ കയ്യൊപ്പുണ്ട്. 2013-ൽ, ഐസിസി യുടെ ഏഴാം വാർഷിക ഏഷ്യാ-പസഫിക് ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡർഷിപ്പിൽ, സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി പ്രൊഫഷണൽ വിഭാഗത്തിൽ, മനോജ് എബ്രഹാമിന് പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ട്. 2016- ൽ, സൈബർഡോം പ്രോജക്ടായ “സൈബർ സുരക്ഷയിൽ സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗത്തിന് ” സെക്യൂരിറ്റി ആന്റ് പോലീസിനു വേണ്ടിയുള്ള എസ്.വി.ഐ ഇന്നൊവേഷൻ ആൻഡ് എക്സലൻസ് അവാർഡ് നേടി കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

Top