‘മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം’; പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ധാരണ

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നിലനില്‍ക്കെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ഇന്ന് ഉച്ചക്ക് പ്രധാനമന്ത്രി ബ്രസീസിലേക്ക് പോകാന്‍ തയ്യാറെടുത്തിരുന്നു. അതിനിടയിലാണ് അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തത്.

അതേസമയം ഗവര്‍ണറുടെ ഓഫീസ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്‌തെന്ന വാര്‍ത്തകള്‍ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ഗവര്‍ണറുടെ ഓഫീസ് പിന്നീട് രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സാവകാശം നല്‍കുന്നില്ലെന്ന് ആരോപിച്ച് ശിവസേന സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ബിജെപിക്ക് 48 മണിക്കൂര്‍ സാവകാശം നല്‍കിയ ഗവര്‍ണര്‍ 24 മണിക്കൂര്‍ മാത്രമാണ് ശിവസേനയ്ക്ക് നല്‍കിയതെന്ന പരാതി നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ ഉന്നയിച്ചിരുന്നു.

ബിജെപിക്കും ശിവസേനയ്ക്കും ശേഷം എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി. ഇന്ന് വൈകിട്ട് എട്ടര വരെയാണ് എന്‍സിപിക്ക് നല്‍കിയിരിക്കുന്ന സമയം. ഇതിനിടെ ശിവസേന ഉള്‍പ്പെട്ട സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് പുതിയ ഉപാധികള്‍ മുന്നോട്ട് വച്ചു. ചില കാര്യങ്ങള്‍ ശിവസേന എഴുതി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Top