രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കും. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു വ്യക്തമായ മുൻതൂക്കം. നാളെ രാവിലെ 10 മുതൽ 5 വരെ വോട്ടിങ് നടക്കും. പാർലമെന്റിലെ 63–ാം നമ്പർ മുറിയിലും അതതു നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണു വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ 21നു നടക്കും.

പാർലമെന്റിന്റെ ഇരുസഭകളിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണു വോട്ടവകാശം. ആകെ വോട്ടു മൂല്യം 10,86,431 ആണ്. ഇപ്പോഴത്തെ കണക്കിൽ ദ്രൗപദിക്ക് ലഭിക്കാവുന്ന വോട്ടു മൂല്യം 6.61 ലക്ഷത്തിനു മുകളിലാണ്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷവും.

94 പേർ നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും ദ്രൗപദി മുർമുവും യശ്വന്ത് സിൻഹയും മാത്രമേ മത്സരരംഗത്ത് അവശേഷിക്കുന്നുള്ളു. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി.മോദിയാണ് വരണാധികാരി. നിലവിൽ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതു പരിഗണിച്ചാൽ, ആകെ വോട്ടു മൂല്യത്തിന്റെ 60 ശതമാനത്തിൽ കൂടുതൽ നേടി ദ്രൗപദി ഇന്ത്യയുടെ രാഷ്ട്രപതിയാകും.

Top