രാഷ്ട്രപതി തിരഞ്ഞെടുപ്പ്; മീരാകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലോക്‌സഭ സെക്രട്ടറി ജനറലിന് മീരാകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭ സ്പീക്കര്‍ സ്ഥാനവും അഞ്ച് തവണ പാര്‍ലമെന്റ് അംഗവുമായ മീര എന്‍ഡിഎയുടെ രാംനാഥ് കോവിന്ദിന് എതിരെയാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ വീരഭദ്ര സിംഗ്, സിദ്ധരാമയ്യ, അമരീന്ദര്‍ സിംഗ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവര്‍ പത്രിക സമര്‍പ്പിക്കാനായി മീരയ്‌ക്കൊപ്പം എത്തിയിരുന്നു.

എന്നാല്‍ എസ്പി അധ്യക്ഷന്‍ മുലായം സിംഗ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചടങ്ങിനെത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, എസ്പി, ബിഎസ്പി തുടങ്ങിയ കക്ഷികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

ദളിത് വിഭാഗത്തില്‍ നിന്നും രാംനാഥ് കോവിന്ദിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി അറിയിച്ചതിന് പിന്നാലെയാണ് അതേ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി മീരാ കുമാറിനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കെ.ആര്‍.നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയായിരിക്കും ഇവരിലൊരാള്‍.

Top