രാഷ്ട്രപതി തിരഞ്ഞെടുപ്പ്: സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിക്കായി മമത മുന്നിട്ടിറങ്ങി

ന്യൂഡൽഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിക്കായുള്ള ശ്രമം ശക്തിപ്പെടുത്താൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നിട്ടിറങ്ങി. അടുത്ത ബുധനാഴ്ച ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ പ്രതിപക്ഷ കക്ഷികളുടെ യോഗം മമത വിളിച്ചു. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ കോൺഗ്രസ് നേരത്തേ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഉൾപ്പെടെ 22 നേതാക്കൾക്കു മമത കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ ചന്ദ്രശേഖർ റാവു കഴിഞ്ഞ മാസം രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ കണ്ടു പൊതുസ്ഥാനാർഥിയെക്കുറിച്ചു ചർച്ചകൾ നടത്തിയിരുന്നു.

കോൺഗ്രസിന്റെ 2 മുഖ്യമന്ത്രിമാർക്കും മറ്റു പ്രതിപക്ഷ മുഖ്യമന്ത്രിമാരായ ഉദ്ധവ് താക്കറെ , പിണറായി വിജയൻ , എം.കെ.സ്റ്റാലിൻ , അരവിന്ദ് കേജ്‌രിവാൾ, ബിജു പട്നായിക് , ഭഗവന്ത് മാൻ, ഹേമന്ദ് സോറൻ, കെ.ചന്ദ്രശേഖര റാവു എന്നിവർക്കും കത്തയച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷം ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്നു കത്തിൽ പറയുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന സമയമാണിത്. പ്രതിപക്ഷ ശബ്ദത്തിന്റെ ഫലപ്രദമായ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മമത പറയുന്നു.

Top