‘അധ്യക്ഷ തെരഞ്ഞെടുപ്പ് സൗഹൃദ മത്സരം’; ദിഗ്‌വിജയുമായുള്ള ചിത്രം പങ്കുവെച്ച് ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചതോടെ ദിഗ്‌വിജയ് സിംഗും ശശി തരൂരും തമ്മിലാകും മത്സരമെന്ന് ഉറപ്പായിരിക്കുകയാണ്. നാമനിർദശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി നാളെയാണെന്നിരിക്കെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. ശശി തരൂർ ട്വിറ്ററിൽ കൂടിക്കാഴ്ചയുടെ ചിത്രം പങ്കെുവെക്കുകയും ചെയ്തിട്ടുണ്ട്.

‘ദിഗ് വിജയ് സിംഗ് ഇന്നുച്ചക്ക് എന്നെ കാണാനെത്തി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർഥിയാകുന്നതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് ശത്രുക്കളുടെ പോരാട്ടമല്ല, സൗഹൃദ മത്സരമായിരിക്കുമെന്ന് ഞങ്ങൾ ഇരുവരും സമ്മതിക്കുന്നു. ആര് ജയിച്ചാലും കോൺഗ്രസാണ് വിജയം കൈവരിക്കുകയെന്നാണ് ഞങ്ങൾ കരുതുന്നത്’ ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ശശി തരൂർ നാളെ 12.15 ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.

അതേസമയം, കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കാൻ ഒരുങ്ങിയതിനെ തുടർന്ന് രാജസ്ഥാനിലുണ്ടായ സംഭവവികാസങ്ങളിൽ നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിയോട് മാപ്പുചോദിച്ചതായി അശോക് ഗെഹ്ലോട്ട് അറിയിച്ചു. സോണിയ ഗാന്ധിയുമായി ചർച്ചകൾ നടത്തിയ ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. താൻ മുഖ്യമന്ത്രിയായി തുടരണോയെന്ന് സോണിയ ഗാന്ധി തീരുമാനിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

Top