കോവിഡ് വാക്സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയിലെ നിയന്ത്രണങ്ങള്‍ നീക്കും: ട്രംപ്

വാഷിങ്ടണ്‍: കോവിഡിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2020നുള്ളില്‍ കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള അമേരിക്കയുടെ ശ്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ രണ്ടാം ലോകമഹായുദ്ധകാലത്ത് ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളുമായാണ് ട്രംപ് താരതമ്യപ്പെടുത്തിയത്. സാഹചര്യം ഏതായാലും അമേരിക്കന്‍ ജനതയുടെ ജീവിതം സാധാരണനിലയിലേക്കെത്തേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പതിവ് വാര്‍ത്താസമ്മേളനത്തില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയെക്കുറിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഈ പരിശ്രമങ്ങള്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനായി രൂപം കൊടുത്ത മാന്‍ഹട്ടന്‍ പദ്ധതിക്ക് സമാനമാണെന്നും ട്രംപ് പറഞ്ഞു. ഇനിയുള്ള ജീവിതം കോവിഡ് വാക്‌സിനെ മാത്രം ആശ്രയിച്ചാണെന്ന് നിങ്ങള് ചിന്തിക്കരുത്, വാക്‌സിന് കണ്ടുപിടിച്ചാലും ഇല്ലെങ്കിലും എല്ലാം സാധാരണനിലയിലേക്ക് വരേണ്ടതുണ്ട്. ലോകം മുഴുവനും കാത്തിരിക്കുന്ന കോവിഡ് വാക്‌സിന് ഇനി 12 മുതല്‍ 18 മാസത്തെ കാത്തിരിപ്പ് മാത്രമേ ആവശ്യമുള്ളൂ. ഫലപ്രദമായ വാക്‌സിന്‍ അമേരിക്ക വികസിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

Top