ഐ.എസ് തലവന്‍ അ​ബൂ​ബ​ക്ക​ര്‍ അ​ല്‍ ബാ​ഗ്ദാ​ദി കൊ​ല്ല​പ്പെ​ട്ടു; സ്ഥിരീകരണവുമായി ഡോ​ണ​ള്‍​ഡ് ട്രംപ്

വാഷിങ്ടണ്‍ : ലോകത്തിലെ ‘മോസ്റ്റ് വാണ്ടഡ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ഐഎസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അമേരിക്ക. സിറിയയിലെ അമേരിക്കൻ സൈനിക നടപടിക്കിടയിൽ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ‍് ട്രംപ് അറിയിച്ചു.

ഭീകര സംഘടയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലവനായ ബഗ്ദാദി ഇറാഖ് സ്വദേശിയാണ്. സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡോകളായ ഡെൽറ്റ ഫോഴ്സാണ് ദൗത്യം നിർവഹിച്ചതെന്നും സൈനിക നടപടികൾ തത്സമയം വീക്ഷിച്ചുവെന്ന് പറഞ്ഞ ട്രംപ്, ബാഗ്ജദാദിയുടെ അവസാന നിമിഷങ്ങൾ ഏതൊരു ഭീരുവിന്‍റേതും പോലെ ആയിരുന്നുവെന്ന് പറഞ്ഞു.

അമേരിക്കൻ സൈന്യത്തെ കണ്ട് ഭയന്ന് തന്‍റെ മൂന്ന് കുട്ടികളുമായി ഒരു തുരങ്കത്തിനകത്തേക്ക് കടന്ന ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് പറയുന്നത്. ഈ മൂന്ന് കുട്ടികളും പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടുവെന്നും ട്രംപ് അറിയിച്ചു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഐയാണ് അബൂബക്കര്‍ അല്‍- ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്. ഡിഎന്‍എ, ബയോമെട്രിക് ടെസ്റ്റുകളുകളുടെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത് ബാഗ്ദാദിയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ ട്രംപ് വാർത്താസമ്മേളനം നടത്തുമെന്നല്ലാതെ മറ്റൊന്നും പെന്റഗൺ വ്യക്തമാക്കിയിരുന്നില്ല. ബഗ്ദാദിയുടെ മരണം സംബന്ധിച്ച് സിറിയയിലെ കേന്ദ്രങ്ങളിൽ നിന്നു വിവരം ലഭിച്ചതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. പോരാട്ടം നടന്ന മേഖലയിൽ നിന്നു ലഭിച്ച വിവരമാണിതെന്നും രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോടു സ്ഥിരീകരിച്ചു.

2010ലാണ് ബഗ്ദാദി ഭീകരസംഘടനയുടെ നേതാവാകുന്നത്. പിന്നീട് സംഘടന ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു.

Top