ഒരു നായയെ പോലെ, അല്ലെങ്കില്‍ ഒരു ഭീരുവിനെ പോലെയാണ് ബാഗ്ദാദി മരിച്ചത്: ട്രംപ്

വാഷിംഗ്ടണ്‍: അല്‍ബാഗ്ദാദിയുടെ മരണം ഒരു ഭീരുവിനെ പോലെയായിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു നായയെ പോലെ, അല്ലെങ്കില്‍ ഒരു ഭീരുവിനെ പോലെയാണ് അയാള്‍ മരിച്ചതെന്ന് ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.

യു.എസ് സൈന്യം പിന്തുടരുന്നതറിഞ്ഞ ബാഗ്ദാദി അയാളുടെ മൂന്നുമക്കളോടൊപ്പം ഒരു ടണലിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. നിലവിളിച്ചും അലറിക്കരഞ്ഞും അയാള്‍ ഓടി. അതിനുള്ളില്‍വച്ചാണ് സ്വയം പൊട്ടിത്തെറിച്ചത്. ബാഗ്ദാദിയോടൊപ്പം ഉണ്ടായിരുന്ന മൂന്നുമക്കളും മരിച്ചു, ട്രംപ് വ്യക്തമാക്കി.സ്ഫോടനത്തില്‍ ബാഗ്ദാദിയുടെ ശരീരം ചിന്നിച്ചിതറി. പരിശോധനകള്‍ക്ക് ശേഷമാണ് ബാഗ്ദാദി തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.

ബാഗ്ദാദി ഒളിവില്‍ കഴിഞ്ഞിരുന്ന മേഖല അമേരിക്കന്‍ സൈന്യം പൂര്‍ണമായും വളഞ്ഞിരുന്നു. തുടര്‍ന്ന് ബാഗ്ദാദി തന്റെ മൂന്നുമക്കളെയും കൂട്ടി ടണലിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന നായ്ക്കള്‍ അയാളെ പിന്തുടര്‍ന്നു. ടണലിന്റെ അവസാനമെത്തിയപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു.സൈനിക നടപടിയില്‍ യു.എസിന് ആള്‍നാശമൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ബാഗ്ദാദിക്കൊപ്പം നിരവധി ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

യു.എസ്. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്സാണ് ഏറെ അപകടരവും വെല്ലുവിളി നിറഞ്ഞതുമായ ഈ ദൗത്യത്തിന് നേതൃത്വംനല്‍കിയത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ബാഗ്ദാദി അമേരിക്കയുടെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ബാഗ്ദാദിക്കെതിരായ മൂന്ന് ദൗത്യങ്ങള്‍ അവസാനനിമിഷങ്ങളില്‍ ഉപേക്ഷിക്കേണ്ടിവന്നു. ഇതിനുശേഷമാണ് ബാഗ്ദാദിയെ കുരുക്കിയ ദൗത്യം വിജയകരമായി നടപ്പാക്കിയത്.

Top