തെരഞ്ഞെടുപ്പു കമ്മിഷൻ നിയമനത്തിന് മൂന്നംഗ സമിതി: സുപ്രീംകോടതി

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെയും നിയമനം പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയുടെ ശുപാര്‍ശ പ്രകാരം വേണമെന്ന് സുപ്രീം കോടതി. സമിതിയുടെ ശുപാര്‍ശ അനുസരിച്ച് രാഷ്ട്രപതി നിയമനം നടത്തണമെന്ന് ജസ്റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെയും നിയമനത്തിന് കൊളീജിയം മാതൃകയില്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി. ഐക്യകണ്‌ഠ്യേനയാണ് അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് സമിതിയില്‍ അംഗമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തുന്നതുവരെ ഈ നിയമന രീതി പിന്തുടരണമെന്ന് കോടതി നിര്‍ദേശിച്ചു.

Top