കേരളത്തെ കണ്ടു പഠിക്കണമെന്ന് രാഷ്ട്രപതി, ബി.ജെ.പി ജനരക്ഷായാത്രയുടെ ‘ഗ്യാസ്’ പോയി

കൊല്ലം: കേരളത്തെ അക്രമങ്ങൾ നടക്കുന്ന നാടായി ചിത്രീകരിച്ച് സംഘപരിവാർ ശക്തമായ പ്രക്ഷോഭം ആരംഭിച്ചിരിക്കെ കേരളത്തിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രംഗത്ത്.

കേരളത്തെ മാതൃകയാക്കണമെന്നും, എല്ലാ മത വിഭാഗങ്ങളും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന സ്ഥലമാണ് കേരളമെന്നും ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി മത സൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ കണ്ടു പഠിക്കണമെന്നും ആവശ്യപെട്ടു. കേരളത്തിലെ ആത്മീയാചാര്യന്മാര്‍ വലിയ സംഭാവനകളാണ് നല്‍കിയിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്.

കേരളത്തിൽ സി.പി.എം ആക്രമണമാണ് നടക്കുന്നതെന്നും ജിഹാദികളെ സംരക്ഷിക്കുന്ന ഭരണമാണെന്നും ചൂണ്ടിക്കാട്ടി ആർ.എസ്.എസ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം പ്രക്ഷോഭം നടന്നുകൊണ്ടിരിക്കെ മുൻ ആർ.എസ്.എസുകാരനായ രാഷ്ട്രപതിയുടെ പരാമർശം സംഘപരിവാർ സംഘടനകൾക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്‌.

രാഷ്ട്രപതിയുടെ ഈ പ്രതികരണം ഭരണപക്ഷത്തിന് വലിയ ഒരു ‘ആയുധ’മായിരിക്കുകയാണിപ്പോൾ.

രാഷ്ട്രപതിയുടെ വാക്കുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സി.പി.എമ്മിന്റെ പ്രചരണായുധം.

കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ജന രക്ഷായാത്ര ഉപതിരഞ്ഞെടുപ്പു നടക്കുന്ന വേങ്ങര പിന്നിട്ടപ്പോൾ തന്നെയായിരുന്നു ഈ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

Top