അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം; രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി

തിരുവനന്തപുരം: രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി.

രാഷ്ട്രപതിയായതിനു ശേഷമുള്ള ആദ്യസന്ദര്‍ശനമാണിത്. കൊല്ലത്ത് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനും മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനുമാണ് അദ്ദേഹം എത്തിയത്.

ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ രാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് ഹെലികോപ്റ്ററിൽ കായംകുളം എൻടിപിസി ഹെലിപാഡിലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം അമൃതാനന്ദമയി മഠത്തിലേക്കു പോയി.

രാഷ്ട്രപതിയായശേഷം അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനമാണിത്. മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്.

അമൃതസേതു പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരത്തെ ഡോ.എ.പി.ജെ.അബ്ദുൽ കലാം അമൃതപുരിയിലെത്തിയിരുന്നു.

11ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനം മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിൽ രാഷ്ട്രപതിയും ഭാര്യ സവിത കോവിന്ദും ചേർന്ന് നിർവഹിക്കും. ഉച്ചയ്ക്ക് ഒന്നേകാലിനു രാഷ്ട്രപതി ഹെലികോപ്റ്ററിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ഡൽഹിക്കു മടങ്ങും.

അമൃതാനന്ദമയി മഠത്തിലെ ദർശന ഹാളിൽ നടക്കുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് പ്രവേശനമെന്നു മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.

Top