വോട്ടവകാശം വിനിയോഗിച്ച് രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റണം: രാഷ്ട്രപതി

ന്യൂഡല്‍ഹി: വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ച് രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എല്ലാവരും തയ്യാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ റിപ്പബ്ലിക് ദിന സന്ദേശം. കരുതലോടും ശ്രദ്ധയോടും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ നോക്കിക്കാണണം എന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു സുപ്രധാന ചുമതലയുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് 15-ാം ലോക്‌സഭയെ തെരഞ്ഞെടുക്കുക എന്നുള്ളതാണത്. നമ്മുടെ ജനാധിപത്യത്തിന്റെ ആശയങ്ങളും, ആദര്‍ശനിഷ്ഠയും പൂര്‍ണ ശക്തിയില്‍ പുറത്തു വരും. 21-ാം നൂറ്റാണ്ടില്‍ ജനിച്ച വോട്ടര്‍മാര്‍ പുതിയ ലോക്‌സഭയെ തെരഞ്ഞെടുക്കുന്നതില്‍ സംഭാവന നല്‍കുന്ന ആദ്യ തെരഞ്ഞെടുപ്പായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വെറുമൊരു രാഷ്ട്രീയ വ്യവഹാരം മാത്രമല്ല. ഒരു തെരഞ്ഞെടുപ്പ് വിവേകത്തിനും പ്രവര്‍ത്തനത്തിനും വേണ്ടിയുള്ള ഒത്തൊരുമിച്ചുള്ള ആഹ്വാനം കൂടിയാണ്. അത് നവീകരണത്തെയും, പങ്കുവയ്ക്കപ്പെട്ടതും സമത്വാധിഷ്ഠിതവുമായ ഒരു സമൂഹത്തിന്റെ ലക്ഷ്യങ്ങളോടും പ്രതീക്ഷകളോടുമുള്ള പുന:സമര്‍പ്പണത്തെയും പ്രതിനിധീകരിക്കുന്നു. അത് വൈവിധ്യപൂര്‍ണ്ണവും എന്നാല്‍ തനിമയാര്‍ന്നതുമായ ജനങ്ങളുടെ പ്രചോദനങ്ങളെയും ഇന്ത്യന്‍ റിപ്പബ്ലിക്കിനെയും പ്രതിനിധീകരിക്കുന്നു. ഇത് സമ്മതിദാനമെന്ന പ്രവൃത്തിയെ തന്നെ വളരെ വിശുദ്ധമായ ഒന്നാക്കുന്നു.

രാജ്യം ഇന്നൊരു നിര്‍ണ്ണായക ദശാസന്ധിയിലാണ്. ഒരു വിധത്തില്‍ ഇത് 1940കളുടെ അവസാനമോ 1950കളുടെ പ്രാരംഭമോ പോലെ അത്യന്തം നിര്‍ണ്ണായകവും വികാസം പ്രാപിക്കുന്നതുമായ ഒരു കാലഘട്ടമാണ്. ഇന്നത്തെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും 21-ാം നൂറ്റാണ്ടിന്റെ അവശേഷിക്കുന്ന കാലഘട്ടത്തിലെ ഇന്ത്യയ്ക്ക് രൂപം നല്‍കും. അത് പോലെ, ഇത് ഒരു തലമുറയില്‍ ഒരിക്കല്‍ വരുന്ന മുഹൂര്‍ത്തം മാത്രമല്ല, ഒരു നൂറ്റാണ്ടിലൊരിക്കല്‍ വരുന്ന അവസരമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Top