പുതിയ ഇന്ത്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: പുതിയ ഇന്ത്യ എന്ന ആശയം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

അനുകമ്പയും സമത്വവും സഹകരണവും നിറഞ്ഞ സമൂഹമാകണം ഇന്ത്യ. ‘എണ്ണിയാലൊടുങ്ങാത്ത സമരസേനാനികളുടെ പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തെ നമ്മള്‍ മറക്കരുത്. ഗാന്ധിജി ഒറ്റയ്ക്കായിരുന്നില്ല സ്വാതന്ത്യസമരം നയിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസ്, ജവാഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍, അംബേദ്കര്‍, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങി നിരവധി നേതാക്കള്‍ സമരത്തിന്റെ മുന്നണിയില്‍നിന്നു. അവരുടെ സംഭാവനകള്‍ ഓര്‍ക്കണമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

തന്റെ കുട്ടിക്കാലത്ത് ഒരു കുടുംബത്തില്‍ വിവാഹം നടന്നാല്‍ ഗ്രാമത്തിലെ എല്ലാവരും പങ്കെടുക്കും. ജാതിമത ചിന്തകളില്ലാതെ ഉത്തരവാദിത്തങ്ങള്‍ എല്ലാവരുംപങ്കിടുകയും ആഘോഷിക്കുകയും ചെയ്യും. അവിടെ സഹകരണത്തിന്റെയും പങ്കിടലിന്റെയും മാതൃകയുണ്ടായിരുന്നു. ഇന്നു പക്ഷേ, വലിയ നഗരങ്ങളില്‍ അയല്‍ക്കാരെപ്പോലും പലര്‍ക്കുമറിയില്ല. ഗ്രാമമോ നഗരമോ ആകട്ടെ, സഹകരണവും പങ്കിടലും തിരികെ കൊണ്ടുവരണം. ഇത് സമൂഹത്തെ ആകമാനം സന്തോഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നടപ്പാക്കിയ ചരക്ക്, സേവന നികുതി രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. 2022ല്‍ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അപ്പോഴേക്കും ‘പുതിയ ഇന്ത്യ’ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകണം. 125 കോടി ജനങ്ങള്‍ ഒരുമിച്ചുനിന്ന് ദീപം തെളിച്ചാല്‍ പുതിയ ഇന്ത്യയിലേക്കുള്ള യാത്ര ദീപ്തമാകുമെന്നും റാംനാഥ് കോവിന്ദ് വ്യക്തമാക്കി.

Top