‘സുപ്രീംകോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കുന്നു’; സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

കോട്ടയം: സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ.

കോടതിവിധി തകിടം മറിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സഭ ആരോപിച്ചു. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ ആശങ്കാജനകമാണ്. കോടതി വിധി നടപ്പാക്കേണ്ടത് പൊതുജനാഭിപ്രായം തേടിയാണെന്ന ആശയം നിരുത്തരവാദപരമാണെന്നും സഭാധ്യക്ഷന്‍ വ്യക്തമാക്കി.

നിയമവാഴ്ച്ച ഉറപ്പാക്കേണ്ട ഒരു ജനാധിപത്യ സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം നടപടികള്‍ ആപല്‍ക്കരമാണ്. എല്ലാക്കാലവും ഇത്തരത്തിലുള്ള വെല്ലുവിളകളെ അഭിമുഖീകരിച്ചാണ് സഭ മുന്നേറിയിട്ടുള്ളത്. സത്യം നിലനില്‍ക്കുക തന്നെ ചെയ്യും. ഈ വെല്ലുവിളികളെയും നാം അതിജീവിക്കുമെന്നതില്‍ സംശയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലങ്കര സഭാതര്‍ക്കം പരിഹരിക്കുന്നതിനായി എന്ന് അവകാശപ്പെട്ടുകൊണ്ട് റിട്ട. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായുള്ള നിയമ പരിഷ്‌കരണ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന നിയമനിര്‍മ്മാണ ശുപാര്‍ശ തള്ളിക്കളയണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ എല്ലാ പള്ളികളും സംസ്ഥാന സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിഘടിത വിഭാഗത്തിന്റ നിയമവിരുദ്ധവും ഏകപക്ഷീയവുമായ ആവശ്യങ്ങള്‍ മാത്രം സമാഹരിച്ച്, സുപ്രീം കോടതി വിധി അട്ടിമറിക്കുക എന്ന മുന്നോട്ടുവെച്ചിരുന്നു. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമം നിര്‍മ്മിക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്നും സഭ വ്യക്തമാക്കിയിരുന്നു.

Top