പോക്‌സോ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ramnath kovind

ന്യൂഡല്‍ഹി: പോക്‌സോ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം, തെളിവ് നിയമം, ക്രിമിനല്‍ നടപടിക്രമം, പോക്‌സോ (പ്രൊട്ടക്ഷ ന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്‌സ്വല്‍ ഒഫന്‍സസ്) നിയമം എന്നിവ ഭേദഗതി ചെയ്യുന്നതാണ് ക്രിമിനല്‍ നിയമ (ഭേദഗതി ) ഓര്‍ഡിനന്‍സ് 2018. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍

* പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടി മാനഭംഗത്തിനിരയായി മരിക്കുകയോ ജീവച്ഛവമാകുകയോ ചെയ്താല്‍ പ്രതിക്കു വധശിക്ഷ. കുട്ടി മരിച്ചില്ലെങ്കിലും കൂട്ടമാനഭംഗമാണെങ്കില്‍ പ്രതികള്‍ക്കു മരണം വരെയുള്ള ജീവപര്യന്തം ലഭിക്കും.

* പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടിയെ മാനഭംഗപ്പെടുത്തിയാല്‍ കുറഞ്ഞ ശിക്ഷ 20വര്‍ഷം തടവ്.

* പന്ത്രണ്ടു വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷം കഠിനതടവില്‍നിന്ന് 20 വര്‍ഷമാക്കി.

* പതിനാറു വയസിന് താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താല്‍ ജീവപര്യന്തം.

* 16 വയസിനു മുകളിലുള്ളവരെ മാനഭംഗപ്പെടുത്തിയാല്‍ കുറഞ്ഞ ശിക്ഷ ഏഴുവര്‍ഷം കഠിനതടവില്‍ നിന്നു 10 വര്‍ഷം കഠിനതടവാക്കി.

* ഇത്തരം കേസുകളിലെ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യത്തിന് അനുമതിയില്ല.

* മാനഭംഗക്കേസുകളുടെ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ തീര്‍ക്കണം.

Top