പ്രതിഷേധം വകവെയ്ക്കാതെ കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ച് രാഷ്ട്രപതി

 

രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന കര്‍ഷക ബില്ലില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൂന്ന് ബില്ലുകളാണ് പ്രതിഷേധം വകവെയ്ക്കാതെ രാഷ്ട്രപതി ഒപ്പുവച്ചത്. ഇതോടെ കാര്‍ഷിക ബില്‍ നിയമമായി.

ബില്ലില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ രാഷ്ട്രപതിയ്ക്ക് കത്ത് നല്‍കിയിരുന്നു. വീണ്ടും ചര്‍ച്ച ചെയ്യുന്നതിന് ബില്ലുകള്‍ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം നിലനില്‍ക്കെയാണ് ബില്ല് നിയമമായി പ്രാബല്യത്തില്‍ വന്നത്.

കൂടാതെ ബില്ല് രാജ്യസഭയില്‍ പാസാക്കിയത് നിയമങ്ങള്‍ ലംഘിച്ചാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ള ലോക്സഭയില്‍ ബില്‍ അനായാസം പാസായിരുന്നു. എന്നാല്‍, രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളിയത് വന്‍ എതിര്‍പ്പുണ്ടാക്കി. ജൂണില്‍ പാസാക്കിയ ഓര്‍ഡിനന്‍സിനു പകരമായി പുതിയ നിയമം പ്രാബല്യത്തില്‍ വരും. രാജ്യത്താകെ വന്‍ പ്രതിഷേധമാണ് ബില്ലിനെതിരെ അരങ്ങേറുന്നത്.

Top