വിവാഹം മാറ്റേണ്ട; യുവതിയുടെ ട്വീറ്റില്‍ കൊച്ചയിലെ അതിസുരക്ഷ ഒഴിവാക്കി രാഷ്ട്രപതി

കൊച്ചി: തന്റെ സന്ദര്‍ശനംമൂലം കൊച്ചിയിലെ ഹോട്ടലില്‍ വച്ച് നടത്താനിരുന്ന വിവാഹം മാറ്റിവയ്‌ക്കേണ്ടന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ വിദേശവനിതയുടെ അഭ്യര്‍ഥന മാനിച്ച് തനിക്ക് താമസമൊരുക്കിയ ഹോട്ടലിലെ അതിസുരക്ഷ രാഷ്ട്രപതി വേണ്ടെന്നുവെച്ചു.

ആശ്‌ലി ഹാല്‍ എന്ന യുവതിയാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനംമൂലം 48 മണിക്കൂറിനുള്ളില്‍ വിവാഹവേദി മാറ്റിവയ്‌ക്കേണ്ട സ്ഥിതിയെക്കുറിച്ച് ട്വീറ്റ് ചെയ്തത്. രാഷ്ട്രപതിയെ ടാഗ് ചെയ്തായിരുന്നു ആഷ്‌ലിയുടെ ട്വീറ്റ്.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15-ന് നേവി വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിക്കും ഇതേ ഹോട്ടലില്‍ത്തന്നെയായിരുന്നു താമസമൊരുക്കിയിരുന്നത്.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാനായി വിവാഹവേദി മാറ്റേണ്ടി വരുമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സഹായമഭ്യര്‍ഥിച്ച് ആഷ്‌ലി രാഷ്ട്രപതിക്ക് ട്വീറ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പെട്ടതോടെ വിവാഹം മുന്‍നിശ്ചയപ്രകാരം നടത്താന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു. തിങ്കളാഴ്ച ഹോട്ടലില്‍ തങ്ങിയശേഷം അദ്ദേഹം ചൊവ്വാഴ്ച രാവിലെ ലക്ഷദ്വീപിലേക്ക് പോകും.

Top