രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാജ്നാഥ് സിംഗ് ഇന്ന് കൂടുതൽ പ്രതിപക്ഷ പാർട്ടികളുമായി സംസാരിക്കും

ഡൽ​ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ നീക്കം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൂടുതൽ പ്രതിപക്ഷ പാർട്ടികളുമായി സംസാരിക്കും. ഇന്നലെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും നവീൻ പട്നായിക്കുമായും രാജ്നാഥ് സിംഗ് സംസാരിച്ചിരുന്നു. ചർച്ചകളിൽ ആരുടെയും പേര് രാജ്നാഥ് സിംഗ് മുന്നോട്ടു വച്ചില്ല. സർക്കാർ പക്ഷത്തു നിന്ന് ഇതുവരെ ആരും സംസാരിച്ചില്ലെന്നും ഗോപാൽകൃഷ്ണ ഗാന്ധിയെ പോലൊരാളെ രാഷ്ട്രപതിയാക്കിയാൽ സമവായം ആകാമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം, മതാ ബാനർജി ഇന്നലെ വിളിച്ച യോഗം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിലേക്കുള്ള സൂചനയായി. മമത വിളിച്ച യോഗത്തിൽ 17 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ബംഗാൾ മുഖ്യമന്ത്രി രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചത്. കോൺഗ്രസും ഇടതുപക്ഷവും സമാജ്‍വാദി പാർട്ടിയുമെല്ലാം യോഗത്തിലേക്കെത്തി. മൊത്തം 17 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.

Top