രാഷ്ട്രപതി ദ്രൗപതി മു‍ര്‍മു ഒപ്പ് വെച്ചു; വനിത സംവരണ ബിൽ യാഥാ‍ര്‍ത്ഥ്യം

ദില്ലി : രാഷ്ട്രപതി ദ്രൗപതി മു‍ര്‍മു ഒപ്പ് വെച്ചതോടെ വനിത സംവരണ ബിൽ യാഥാര്‍ത്ഥ്യമായി. ഇതിന്റെ വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. ബില്ലിൽ നേരത്തെ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. തുടർന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്. നീണ്ട ചർച്ചകൾക്കു ശേഷം ലോക്സഭയും, രാജ്യസഭയും ബിൽ പാസാക്കിയിരുന്നു.

രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചിരുന്നു. എന്നാൽ ആരും എതിർത്തില്ല. അതിനു മുമ്പ് ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും മോ​ദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചിരുന്നു.

അതേസമയം, വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക് സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികള്‍ തുടങ്ങൂയെന്ന് അമിത്ഷായും വ്യക്തമാക്കിയതോടെ വനിത സംവരണം 2024ലുണ്ടാകില്ലെന്ന് സ്ഥിരീകരണമായി.

Top