പാർലമെന്റ് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾക്ക് അംഗീകാരം നൽകി രാഷ്ട്രപതി

ന്യൂഡൽഹി : കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കു പകരമായി പാർലമെന്റ് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾക്ക് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി), കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ 1973 (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് 1872 എന്നിവയ്ക്കു പകരമായുള്ള ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നീ ബില്ലുകളാണു രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായത്.

ശൈത്യകാല സമ്മേളനത്തിൽ പ്രതിപക്ഷ എംപിമാരുടെ അസാന്നിധ്യത്തിലാണു ബില്ലുകൾ പാർലമെന്റിൽ‌ പാസാക്കിയത്. ആൾക്കൂട്ട കൊലപാതകത്തിനു വധശിക്ഷ നൽകുന്നതാണു പുതിയ ബില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇക്കാലത്തിനു യോജിക്കാത്ത, കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കു പകരമാണു പുതിയ നിയമങ്ങൾ. ഭരണഘടനയുടെ ആത്മാവിന് ഏറ്റവും ഉചിതമായവയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രകടനപത്രികയിൽ പറഞ്ഞതു നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുമെന്നതിന്റെ തെളിവാണ് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതിയതെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞിരുന്നു. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത്, 33% വനിതാ സംവരണം, മുത്തലാഖ് ഒഴിവാക്കൽ തുടങ്ങി രാമക്ഷേത്രം വരെ വാഗ്ദാനങ്ങളെല്ലാം ബിജെപി നടപ്പാക്കിയെന്നും ഷാ ‌കൂട്ടിച്ചേർത്തു.

Top