രാഷ്ട്രപതിയും ഭാര്യയും അപമാനിക്കപ്പെട്ടിട്ടില്ല ; റിപ്പോര്‍ട്ട് നിഷേധിച്ച് ക്ഷേത്ര പുരോഹിതന്‍

puri-priest

ന്യൂഡല്‍ഹി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഭാര്യ സവിതാ കോവിന്ദിനും അപമാനം നേരിട്ടെന്ന വാര്‍ത്ത നിഷേധിച്ച് ക്ഷേത്ര പുരോഹിതന്‍ രംഗത്ത്. ദാമോദര്‍ മഹാശ്വര്‍ എന്ന പുരോഹിതനാണ് രാഷ്ട്രപതി അപമാനിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ചത്.

രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്ന ആളായിരുന്നു മഹാശ്വര്‍. ക്ഷേത്ര ദര്‍ശനത്തിനിടയില്‍ ക്ഷേത്ര ജീവനക്കാരില്‍ നിന്നാണ് രാഷ്ട്രപതിക്കും ഭാര്യയ്ക്കും മോശം അനുഭവം ഉണ്ടായതായി വാര്‍ത്തകള്‍ വന്നത്. മാര്‍ച്ച് 18ന് ആണ് സംഭവം.

രാഷ്ട്രപതിയുടെ ദര്‍ശനത്തിനിടെ ജീവനക്കാരില്‍ ചിലര്‍ രാഷ്ട്രപതിയുടെ ദര്‍ശനം തടസ്സപ്പെടുത്തുകയും ഉന്തും തള്ളുമുണ്ടാവുകയും ഇരുവരേയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ രാഷ്ട്രപതി ഭവന്‍ പുരി കളക്ടര്‍ അരവിന്ദ് അഗര്‍വാളിനെ അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതോടെയാണ് സംഭവം വിവാദമായത്.

എന്നാല്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വിശിഷ്ടാതിഥികളെ കാണാനും സംസാരിക്കാനുമുള്ള തിരക്കിനിടയില്‍ സംഭവിച്ചതാണെന്നും ക്ഷേത്ര ജീവനക്കാര്‍ മനപ്പൂര്‍വം ശല്യം ചെയ്തതല്ലെന്നുമാണ് ക്ഷേത്രം അധികാരികള്‍ നല്‍കുന്ന വിശദീകരണം.

ദര്‍ശന സമയത്ത് തങ്ങള്‍ അവരോടൊപ്പം പോയിരുന്നു. ആരും അവരോട് അപമര്യാദയായി പെരുമാറിയിട്ടില്ല എന്ന് മഹാശ്വര്‍ പറഞ്ഞു. സംഭവത്തില്‍ ജഗന്നാഥ ക്ഷേത്രഭരണാധികാരി പ്രദീപ് ജാനക്കും ജില്ലാ മജിസ്‌ട്രേറ്റ് പുരിക്കുമെതിരെ പുരോഹിതന്‍ കേസ് നല്‍കിയിട്ടുണ്ട്.

രാവിലെ 6.35 മുതല്‍ 8.40 വരെയുള്ള സമയം മറ്റ് ഭക്തജനങ്ങളെ തടഞ്ഞു നിര്‍ത്തി വിശിഷ്ട വ്യക്തികള്‍ക്ക് സുഖപ്രദമായ ദര്‍ശനം ഉറപ്പാക്കിയിരുന്നു. ചില പരിചാരകരേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ക്ഷേത്രത്തിനകത്ത് രാഷ്ട്രപതിയെ അനുഗമിക്കാന്‍ അനുവദിച്ചിരുന്നു.

ക്ഷേത്രം പരിചാരകര്‍ രാഷ്ട്രപതിക്ക് മുറിയൊരുക്കിയിരുന്നില്ലെന്നും ചില പരിചാരകര്‍ രാഷ്ട്രപതിയും ഭാര്യയും ക്ഷേത്ര ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ തള്ളി നീക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ക്ഷേത്രത്തിലെ മൂന്ന് പരിചാരകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഭരണസമിതി തീരുമാനിച്ചിരുന്നു.

സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് രാഷ്ട്രപതി ഭവന്‍ പുരി കലക്ടര്‍ അരവിന്ദ് അഗര്‍വാളിന് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്ര ഭരണസമിതി യോഗം ചേര്‍ന്നു. യോഗത്തിന്റെ മിനുട്‌സ് വെളിച്ചത്തു വന്നതോടെയാണ് ഇക്കാര്യങ്ങള്‍ വാര്‍ത്തയായത്.

Top