കെജിഎഫ് രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു!

റോക്കി ഭായ്യുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. കൊവിഡ് മൂന്നാം തരംഗമുണ്ടായില്ലെങ്കില്‍ പാന്‍ ഇന്ത്യന്‍ ചിത്രം സെപ്തംബര്‍ ഒമ്പതിന് റിലീസ് ചെയ്യുമെന്നാണ് സൂചന. തിയേറ്ററുകളിലെ റിലീസിന് ശേഷം കെജിഎഫ് ചാപ്റ്റര്‍ 2 ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതായും സൂചനയുണ്ട്.

ആക്ഷനും മാസും കോര്‍ത്തിണക്കി ഒരുക്കുന്ന കെജിഎഫിനായി കേരളത്തിലും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. നേരത്തെ ജൂലൈ 16ന് തിയേറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സിനിമ പുറത്തിറക്കാനായില്ല. കേരളത്തില്‍ കെജിഎഫ് 2ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തില്‍ റോക്ക് സ്റ്റാര്‍ യഷ് ആണ് നായകന്‍. ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് രണ്ടാം പതിപ്പില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് ചാപ്റ്റര്‍ 2ല്‍ വിവരിക്കുന്നത്. കന്നഡയ്ക്കൊപ്പം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

 

Top