തിരുവാഭരണ കണക്കെടുപ്പ്; ജ.സി.എന്‍.രാമചന്ദ്രന്‍ നായരെ നിയോഗിച്ച് സുപ്രീംകോടതി

ഡല്‍ഹി: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പിനും പരിശോധനക്കുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാരാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ പേര് നിര്‍ദേശിച്ചത്.

തിരുവാഭരണം ശബരിമല അയ്യപ്പന്റെ സ്വത്താണെന്നും അത് ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവാഭരണം സുരക്ഷിതമായിരിക്കണമെന്നാണ് നിലപാടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവാഭരണത്തിന്റെ മൂല്യം പരിശോധിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.

തിരുവാഭരണത്തിന്റെ മേല്‍നോട്ടാവകാശം ആര്‍ക്കെന്നതില്‍ പന്തളം രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം മുറുകിയതോടെയാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്. തിരുവാഭരണത്തിന്റെ സുരക്ഷയില്‍ കോടതിക്ക് ആശങ്കയുണ്ടെന്ന് ജ.രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആദ്യം തിരുവാഭരണം മുഴുവനായി ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന്റെ എണ്ണം വ്യക്തമാക്കുന്നതിനാണ് ജ. സി.എന്‍.രാമചന്ദ്രന്‍നായരെ നിയമിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ അനുവദിച്ചത്.

തിരുവാഭരണത്തിന്റെ ചുമതല സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംശയം പ്രകടിപ്പിച്ച കോടതി ഇതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയെ പ്രത്യേക പ്രതിനിധിയായി ചുമതലപ്പെടുത്തി. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ച് അതേ വര്‍ഷം ഒക്ടോബര്‍ 5ന് ഹൈക്കോടതി നല്‍കിയ വിധിക്കെതിരെയാണ് ഹര്‍ജി. കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും.

Top