ചൈനയുമായുള്ള യുദ്ധത്തിന് തയ്യാറാകണം; അമേരിക്കൻ വ്യോമസേന ജനറലിന്റെ കത്ത് പുറത്ത്

വാഷിംഗ്ടൺ: അമേരിക്കയും ചൈനയും തമ്മിൽ യുദ്ധമുണ്ടാകുമെന്ന് മുന്നറിയിപ്പ്. അടുത്ത രണ്ടുവർഷത്തിനുള്ളിൽ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കൻ വ്യോമസേന ജനറൽ മൈക്കിൾ മിനിഹാനാണ് സൈനിക ഉദ്യോഗസ്ഥർക്കുള്ള കത്തിൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. യുദ്ധത്തിനായി സജ്ജമായിരിക്കാനും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

തായ്‌‌വാനിലേക്കുള്ള ചൈനീസ് കടന്നുകയറ്റം വ്യാപകമാകുന്നതിനിടെയാണ് സൈനിക മേധാവിയുടെ കത്ത് പുറത്തുവന്നത്. നേരത്തേ തന്നെ ചൈനയുടെ തായ്‌വാൻ കടന്നുകയറ്റത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. ചൈനയുടെ നീക്കങ്ങൾ തടയുകയും ആവശ്യമെങ്കിൽ അവരെ പരാജയപ്പെടുത്തുകയും ചെയ്യണമെന്നാണ് യു എസ് വ്യോമസേനയുടെ എയർ മൊബിലിറ്റി കമാന്റ് മേധാവി കൂടിയായ മൈക്കിൾ മിനിഹാൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കത്ത് പുറത്തുവന്നതോടെ വിമർശനവുമായി ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെ രംഗത്തെത്തി. കത്തിൽ പറയുന്നത് അമേരിക്കയുടെ ഔദ്യോഗിക നിലപാടല്ലെന്നും അവർ വ്യക്തമാക്കുന്നു. താ‌യ്‌വാനെതിരെയുള്ള ചൈനയുടെ നീക്കങ്ങളെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നേരത്തേ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. തായ്‌വാൻ കടലിടുക്കിന് സമീപം ചൈന സൈനിക നടപടികൾ ശക്തിപ്പെടുത്തുന്നത് തായ്‌വാനിലേക്കുള്ള കടന്നുകയറ്റത്തിന്റെ സൂചനയാണെന്നാണ് ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞത്. ഇതിന് തൊട്ടുപിന്നാലെയാണ് കത്ത് പുറത്തുവന്നത്.

Top