ഒരു മതത്തെയും വിമർശിക്കരുത്; പാർട്ടി വക്താക്കൾക്ക് മാർഗരേഖയുമായി ബിജെപി

ഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ ചർച്ചകളിൽ നേതാക്കൾക്ക് കടിഞ്ഞാണിട്ട് ബിജെപി. ഒരു മതത്തെയും വിമർശിക്കാൻ പാടില്ല. മതചിഹ്നങ്ങളെയും വിമർശിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യരുതെന്ന് പാർട്ടി വക്താക്കൾക്ക് ബിജെപി നേതൃത്വം നിർദേശം നൽകി.

പാർട്ടി നിർദ്ദേശിക്കുന്നവർ മാത്രം ടെലിവിഷൻ ചാനൽ ചർച്ചകളിലും മറ്റും പങ്കെടുത്താൽ മതിയെന്നും മാർഗനിർദ്ദേശമുണ്ട്. പാർട്ടി മീഡിയ സെൽ ആകും ടിവി ഷോകളിലും ചർച്ചകളിലും പങ്കെടുക്കുന്നവരെ നിയോഗിക്കുക. ചർച്ചകളിൽ സഭ്യമായ, സുവ്യക്തമായ രീതിയിൽ മാത്രം സംസാരിക്കുക. ആവേശഭരിതരാകരുത്. നിയന്ത്രണം വിട്ട് സംസാരിക്കരുത്.

ആരുടേയും പ്രേരണയാൽ പോലും പാർട്ടിയുടെ ആശയങ്ങളും തത്വങ്ങളും ലംഘിക്കരുത്. ചർച്ചകളിൽ നരേന്ദ്രമോദി സർക്കാരിന്റെ വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകണം. സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളെ കുറിച്ച് സംസാരിക്കരുത്. ചർച്ചയുടെ വിഷയത്തെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കി ഗൃഹപാഠം ചെയ്തു വേണം ചർച്ചകളിൽ പങ്കെടുക്കേണ്ടതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ബിജെപി നേതാക്കളായ നൂപുർ ശർമ്മയുടേയും നവീൻ ജിൻഡാലിന്റെയും നബി വിരുദ്ധ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് പാർട്ടി വക്താക്കൾക്ക് മാർഗനിർദേശം നൽകിയിരിക്കുന്നത്. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ നിരവധി രാജ്യങ്ങളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, ഇറാൻ, ഇറാഖ്, തുർക്കി, മാലദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഈജിപ്ത് കേന്ദ്രമായുള്ള ഇറബ് പാർലമെന്റും പ്രതിഷേധം അറിയിച്ചു.

Top