അറസ്റ്റിന് മുൻപ് പ്രേമോദയ് ഖാഖയും ഭാര്യയും കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു; സിസിടിവി ദൃശ്യം

ന്യൂഡൽഹി : സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രേമോദയ് ഖാഖയും (51) കൂട്ടുപ്രതിയായ ഭാര്യ സീമ റാണിയും (50) അറസ്റ്റിനു തൊട്ടുമുൻപ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച രാവിലെ 9.35 ഓടെയാണ് ഖാഖയും സീമ റാണിയും വീട്ടിൽനിന്ന് കാറിൽ കടന്നുകളഞ്ഞതെന്ന് ഇവരുടെ വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ദമ്പതികള്‍ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍പായി ഇവരുടെ കാർ കടന്നുപോകുന്നതാണു സിസിടിവി ദൃശ്യങ്ങളിൽ. ഖാഖ, മുൻകൂർ ജാമ്യം തേടാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചു. ഇതിനായി ഒരു അഭിഭാഷകനുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.

അച്ഛൻ മരിച്ചതോടെ അച്ഛന്റെ സുഹൃത്തായ പ്രേമോദയയുടെ വീട്ടിൽനിന്നു പഠിക്കുകയായിരുന്ന 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. പഠനത്തിനുശേഷം സ്വന്തം വീട്ടിലെത്തിയ കുട്ടി കടുത്ത മാനസികസമ്മർദം പ്രകടിപ്പിച്ചതിനെത്തുടർന്ന് അമ്മ ആശുപത്രിയിൽ കാണിച്ചു. തുടർന്നു കൗൺസലിങ് നടത്തിയപ്പോഴാണു പീഡനത്തിനിരയായ വിവരം കുട്ടി വെളിപ്പെടുത്തിയത്.

ആശുപത്രി അധികൃതർ തന്നെയാണു പൊലീസിൽ വിവരമറിയിച്ചത്. ഞായറാഴ്ച തന്നെ പ്രേമോദയയ്ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തിരുന്നു. 2020 നവംബറിനും 2023 ജനുവരിക്കും ഇടയിലാണു പീഡനം നടന്നത്. പലതവണ പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായി. ഇതറിഞ്ഞ പ്രേമോദയ‌യുടെ ഭാര്യ സീമ റാണി ഗുളിക നൽകി ഗർഭം അലസിപ്പിച്ചെന്നാണ് ആരോപണം. ഖാഖയെ ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

Top