പ്രീമിയര്‍ ലീഗ് വിടാനൊരുങ്ങി താരങ്ങള്‍; താരങ്ങളെ നോട്ടമിട്ട് ബാഴ്‌സയും റയലും

premierleague

ലോകത്തിലെ മികച്ച ജനപ്രിയ ലീഗുകളിലൊന്നാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. വമ്പന്‍ ക്ലബ്ബുകളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇല്ലാത്തതിനാല്‍ത്തന്നെ താരങ്ങളുടെ കൂടുമാറ്റപ്പട്ടികയില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് അവസാനമെ ഇടമുള്ളൂ. യൂറോപ്പിലെ ഫുട്‌ബോള്‍ സീസണ്‍ അവസാനിരിക്കുന്നത് കൊണ്ടുതന്നെ ട്രാന്‍സ്ഫര്‍ വിപണി അധികം വൈകാതെ സജീവമാകും.

സ്പാനിഷ് ലീഗ് വമ്പന്മാരായ ബാഴ്‌സയുടെയും റയലിന്റെയും സ്ഥിരം നോട്ടപ്പുള്ളികളാണ് പ്രീമിയര്‍ ലീഗ് താരങ്ങള്‍. അതിനാല്‍ ഇക്കുറിയും പ്രീമിയര്‍ ലീഗില്‍ നിന്ന് ഒരുപിടി താരങ്ങള്‍ കൂടൊഴിയുമെന്ന് ഉറപ്പാണ്. ഈ സീസണ്‍ അവസാനത്തോടെ പ്രീമിയര്‍ ലീഗ് വിടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

David de gea goalkeeper

1. ഡേവിഡ് ഡെഹിയ

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍കീപ്പറാണ് നിലവില്‍ ഡേവിഡ് ഡെഹിയ. റയല്‍ മാഡ്രിഡ് ഡേവിഡിനെ വലയിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡെഹിയയെ വിട്ടുകൊടുക്കാന്‍ യുണൈറ്റഡ് തയ്യാറാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലീഗിലെ തന്നെ ഒന്നാം നമ്പര്‍ ഗോളിയാണ് ഡെഹിയ. കാര്യമിതൊക്കെയാണെങ്കിലും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടം പോലും നേടാന്‍ ഡെഹിയക്കായിട്ടില്ല. ലീഗിലാകട്ടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഏറെ പിന്നിലാണ് യുണൈറ്റഡ്. അതിനാല്‍ ഡെഹിയ ലീഗ് വിടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Harry cane

2. ഹാരി കെയ്ന്‍

ഹാരി കെയ്ന്‍ ടോട്ടനാം വിട്ട് റയയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. റൊണാള്‍ഡോയെ ഗോളടിയില്‍ പിന്തുണക്കാന്‍ കെയ്ന്‍ എന്തുകൊകൊണ്ടും യോഗ്യനാണ്. 40 കളികളില്‍ നിന്ന് 35 ഗോളാണ് കെയ്‌ന്റെ സമ്പാദ്യം.

mohamed-salah-new

3. മുഹമ്മദ് സലാഹ്

നിലവില്‍ ലിവര്‍പൂള്‍ താരമാണ് മുഹമ്മദ് സലാഹ്. ലിവര്‍പൂളിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം താരങ്ങള്‍ കൂടുമാറിയത് ബാഴ്‌സലോണയിലേക്കാണ്. അതിനാല്‍ തന്നെ സലായുടെ നോട്ടവും കറ്റാലന്‍ ക്ലബ്ബിലേക്ക് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സലാഹ് റയലിലേക്ക് ചേക്കേറാനുള്ള സാധ്യതയെയും ഫുട്‌ബോള്‍ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ക്രിസ്ത്യാനോ-ബെയ്ല്‍-ബെന്‍സെമ ത്രയം ഫോം മങ്ങിയതിനാല്‍ സലായെപ്പോലൊരു ഗോളടിവീരനെ റയല്‍ ടീമിലെത്തിക്കാന്‍ സാധ്യത കൂടുതലാണ്. 31 ലീഗ് മത്സരങ്ങളില്‍ നിന്ന് 29 ഗോളുമായി പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മുന്‍പിലുണ്ട് സലാഹ്.

thibaut-curtois-new

4. തിബോട്ട് കുര്‍ട്ടോയീ

പ്രീമിയര്‍ ലീഗില്‍ നിന്ന് ലാലിഗയിലേക്ക് കൂടുമാറിയേക്കാവുന്ന മറ്റൊരു താരമാണ് തിബോട്ട് കുര്‍ട്ടോയി. നിലവില്‍ ചെല്‍സിയുടെ ഗോള്‍കീപ്പറാണ് കുര്‍ട്ടോയി. കുടുംബം മാഡ്രിഡിലായതിനാല്‍ തന്റെ ഹൃദയവും മാഡ്രിഡിലാണെന്ന് അടുത്തിടെ താരം പ്രതികരിച്ചിരുന്നു. സീസണില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത കുര്‍ട്ടോയി മികച്ചൊരു ക്ലബ്ബിലേക്ക് മാറണമെന്ന് തന്നെയാണ് ആരാധകരുടെ അഭിപ്രായം.

eden-hazard-new

5. ഏദന്‍ ഹസാര്‍ഡ്

നിലവില്‍ ചെല്‍സി താരമാണ് ഹസാര്‍ഡ്. ടോട്ടനാമിനെതിരായ തോല്‍വിയോടെ ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ പരുങ്ങലിലാണ്. അതിനാല്‍ത്തന്നെ ഹസാര്‍ഡ് ക്ലബ്ബ് വിടാനുള്ള സാധ്യത ഏറെയാണ്. ചെല്‍സി വിട്ട് ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്കാകും കൂറുമാറുക എന്ന് അഭ്യൂഹങ്ങളുണ്ട്. സീസണില്‍ 15 ഗോളും 6 അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ച ഹസാര്‍ഡിനെ റയല്‍ നോട്ടം വെച്ചെങ്കില്‍ തെറ്റ് പറയാനാകില്ലല്ലോ.

റിപ്പോര്‍ട്ട്: അഞ്ജന മേരി പോള്‍

Top