പ്രീമിയര്‍ ലീഗ്: യുണൈറ്റഡിനും ചെല്‍സിക്കും വിജയം; സിറ്റി ഇന്നിറങ്ങും

ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്‍മാര്‍ക്ക് തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് നോട്ടിംഹാം ഫോറസ്റ്റിനെ തകർത്തു. മാർക്കസ് റാഷ്ഫോർഡ്, ആന്റണി മാർഷ്യൽ, ഫ്രെഡ് എന്നിവരാണ് ഗോളുകൾ നേടിയത്. ആദ്യപകുതിയില്‍ 19, 22 മിനുറ്റുകളില്‍ രണ്ട് ഗോളിന്റെ ലീഡ് യുണൈറ്റഡ് സ്വന്തമാക്കിയപ്പോള്‍ 87-ാം മിനുറ്റിലായിരുന്നു ഫ്രഡിന്റെ ഗോള്‍. എട്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളും 66 ശതമാനം പന്തടക്കവുമായാണ് യുണൈറ്റഡിന്റെ ജയഭേരി. 15 കളിയിൽ 29 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.

മറ്റൊരു മത്സരത്തില്‍ ബേൺമൗത്തിനെ തോൽപ്പിച്ച് ചെൽസി വിജയവഴിയിൽ തിരിച്ചെത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്റ്റംഫോര്‍ഡ് ബ്രിഡ്‌ജില്‍ നീലപ്പടയുടെ ജയം. ഇരു ഗോളുകളും ആദ്യപകുതിയിലായിരുന്നു. 16-ാം മിനുറ്റില്‍ കായ് ഹാവെർട്ട്സ്, 24-ാം മിനുറ്റില്‍ മേസൺ മൗണ്ട് എന്നിവരാണ് ഗോളുകൾ നേടിയത്. 15 കളിയില്‍ 24 പോയിന്റുമായി ചെൽസി നിലവിൽ ലീഗിൽ എട്ടാംസ്ഥാനത്താണ്. അതേസമയം പതിനാലാം സ്ഥാനക്കാരാണ് ബേൺമൗത്ത്.

ലീഗിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാൻ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും. എവേ മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡാണ് എതിരാളികൾ. ഇന്ത്യൻസമയം നാളെ പുലർച്ചെ ഒന്നരയ്ക്കാണ് മത്സരം. 14 മത്സരങ്ങളിൽ 32 പോയിന്റുമായി ആഴ്സനലിനും ന്യൂകാസിലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. ആഴ്‌സണലിന് 40 ഉം ന്യൂകാസിലിന് 33 ഉം പോയിന്റാണുള്ളത്. കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ന്യൂകാസിൽ യുണൈറ്റഡ് ലീഗിൽ സിറ്റിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയർന്നത്.

ലോകകപ്പ് ഇടവേളക്ക് ശേഷം ഫ്രഞ്ച് ലീഗിൽ ഇന്ന് പിഎസ്‌‌ജിക്ക് മത്സരമുണ്ട്. സ്ട്രോസ്ബർഗാണ് എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ചെ ഒന്നരയ്ക്കാണ് കളി തുടങ്ങുക. കിലിയൻ എംബാപ്പെ, നെയ്‌മർ ജൂനിയർ എന്നിവർ കളിക്കും. ലിയോണൽ മെസി ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. മെസി അടുത്ത ആഴ്ചയോടെയെ പാരീസിൽ എത്തൂ എന്ന് കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയർ പറഞ്ഞു. 15 മത്സരങ്ങളിൽനിന്ന് 41 പോയിന്റുള്ള പിഎസ്‌ജിയാണ് ലീഗിൽ ഒന്നാമത്.

Top