ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി മാഞ്ചസ്റ്റര്‍ സിറ്റി. വെസ്റ്റ് ബ്രോമിനെതിരെ നേടിയ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയത്തോടെയാണ് സിറ്റി പട്ടികയില്‍ ഒന്നാമതെത്തിയത്. ഇല്‍കായി ഗുണ്‍ഡോഗന്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. ഗുണ്‍ഡോഗനിലൂടെ ആറാം മിനിറ്റില്‍ തന്നെ സിറ്റി മുന്നിലെത്തി. 20-ാം മിനിറ്റില്‍ ജോ കാന്‍സെലോ ലീഡിയര്‍ത്തിയപ്പോള്‍ 30-ാം മിനിറ്റില്‍ ഗുണ്‍ഡോഗന്‍ തന്റെ രണ്ടാം ഗോളും നേടി.

ആദ്യ പകുതിയിലെ അധിക സമയത്ത് റിയാദ് മെഹരസ് സിറ്റിയുടെ നാലാം ഗോള്‍ നേടി. 57-ാം മിനുട്ടില്‍ റഹിം സ്റ്റെര്‍ലിങ് സിറ്റിയുടെ ഗോള്‍ പട്ടിക തികച്ചു. ജയത്തോടെ 19 മത്സരത്തില്‍ നിന്ന് 41 പോയിന്റുമായാണ് സിറ്റി ലീഗില്‍ ഒന്നാമതെത്തിയത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 40 പോയന്റുള്ള യുണൈറ്റഡാണ് രണ്ടാമത്.

Top