പ്രീമിയര്‍ ലീഗ്; ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും സമനിലയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയില്‍. ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നടന്ന അത്യന്തം ആവേശകരമായ പോരാട്ടമാണ് സമനിലയില്‍ കലാശിച്ചത്. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടാം പകുതിയിലാണ് നാല് ഗോളുകളും വീണത്.

ആദ്യ പകുതി പൂര്‍ണമായും മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിയന്ത്രണത്തിലായിരുന്നു. ഇടതു വിങ്ങില്‍ ഫില്‍ ഫോഡന്‍ ആയിരുന്നു സിറ്റി ആക്രമണങ്ങളുടെ കടിഞ്ഞാണ്‍ പിടിച്ചത്. പക്ഷേ, എണ്ണം പറഞ്ഞ മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സിറ്റിക്ക് സാധിച്ചില്ല. മധ്യനിരയില്‍ നിന്ന് ഒറ്റക്ക് മുന്നേറി ബെര്‍ണാഡോ സില്‍വ നല്‍കിയ ഒരു ഗംഭീര പാസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഫില്‍ ഫോഡന്‍ പാഴാക്കിയത് ഞെട്ടലായി. ഗോള്‍ കീപ്പര്‍ അലിസണിന്റെ മികച്ച സേവും ഇവിടെ എടുത്തുപറയണം.

രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ കളിയിലേക്ക് തിരികെവന്നു. കളത്തിലെ കളികള്‍ക്കൊപ്പം രണ്ട് മികച്ച പരിശീലകരുടെ പോരാട്ടം കൂടിയാണ് പിന്നീട് കണ്ടത്. 59ആം മിനിട്ടില്‍ സാദിയോ മാനെയിലൂടെ ലിവര്‍പൂള്‍ ആണ് ആദ്യ വെടി പൊട്ടിച്ചത്. മുഹമ്മദ് സല ഗോളിലേക്കുള്ള വഴിയൊരുക്കി. കൃത്യം 10ആം മിനിട്ടില്‍ സിറ്റി തിരിച്ചടിച്ചു. ഗബ്രിയേല്‍ ജെസൂസിന്റെ പാസില്‍ നിന്ന് ഫില്‍ ഫോഡന്‍ സിറ്റിക്ക് സമനില സമ്മാനിച്ചു. 76ആം മിനിട്ടില്‍ ലിവര്‍പൂള്‍ വീണ്ടും മുന്നിലെത്തി. ആറ് ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ സലയുടെ മനോഹര ഗോളാണ് ലിവര്‍പൂളിന് രണ്ടാമതും ലീഡ് സമ്മാനിച്ചത്. സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായിരുന്നു ഇത്.

സിറ്റി പിടിവിട്ടില്ല. 81ആം മിനിട്ടില്‍ അവര്‍ സമനില കണ്ടെത്തി. ഫില്‍ ഫോഡന്റെ ലോ ക്രോസ് സ്റ്റെപ്പ് ഓവര്‍ ചെയ്ത വാക്കറില്‍ നിന്ന് പന്ത് ബോക്‌സിലേക്ക് കുതിച്ചെത്തുന്ന ഡി ബ്രുയ്‌നെയുടെ കാല്‍ക്കലേക്ക്. ബോക്‌സിലേക്കുള്ള പവര്‍ഫുള്‍ ഷോട്ട് ലിവര്‍പൂള്‍ പ്രതിരോധതാരം മാറ്റിപില്‍ തട്ടി ഗതിമാറി വലയിലേക്ക്. 86 ആം മിനിട്ടില്‍ ലിവര്‍പൂളിന് കളി ജയിക്കാന്‍ സുവര്‍ണാവസരം ലഭിച്ചു. ഗോള്‍ കീപ്പര്‍ പോലുമില്ലാത്ത പോസ്റ്റിലേക്കുള്ള ഫബീഞ്ഞോയുടെ ഷോട്ട് തകര്‍പ്പന്‍ ബ്ലോക്കിലൂടെ സിറ്റി താരം റോഡ്രി രക്ഷപ്പെടുത്തുകയായിരുന്നു.

 

Top