പ്രീമിയര്‍ ലീഗ്: ആദ്യ ഹോം മത്സരത്തില്‍ ചെല്‍സിയെ സമനിലയില്‍ തളച്ച് ലെസ്റ്റര്‍

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ ഹോം മല്‍സരത്തില്‍ ചെല്‍സിക്ക് സമനില. ലെസ്റ്റര്‍ സിറ്റിയാണ് 1-1ന് ചെല്‍സിയെ പിടിച്ചുകെട്ടിയത്. ആദ്യ മല്‍സരത്തില്‍ തോറ്റ ചെല്‍സി ഹോം ഗ്രൗണ്ടില്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ലെസ്റ്റര്‍ താരം വില്‍ഫ്രഡ് എന്‍ഡിഡി 67ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ചെല്‍സിയുടെ വിജയപ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു. ഇതോടെ ചെല്‍സി ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കണം.

പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റിരുന്നു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഫ്രാങ്ക് ലാംപാര്‍ഡിന് കീഴില്‍ ആദ്യ മത്സരമായിരുന്നു ചെല്‍സിയുടേത്. ലീഗിലെ മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു.

ഏഴാം മിനിറ്റില്‍ മൗണ്ടിന്റെ ഗോളിലൂടെ ചെല്‍സി മികച്ച തുടക്കം നല്‍കിയെങ്കിലും ലെസ്റ്റര്‍ ഗോളി മികച്ച സേവുകളിലൂടെ നീലപ്പടയെ തടക്കുകയായിരുന്നു. പെഡ്രോ, മൗണ്ട്, ജിറൂദ്, കാന്റെ എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ ചെല്‍സിക്കായി ഇറങ്ങിയിരുന്നു. ആദ്യപകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചെല്‍സി രണ്ടാം പകുതിയില്‍ തീര്‍ത്തും പരാജയമായിരുന്നു.

മറ്റൊരു മല്‍സരത്തില്‍ രണ്ടാം ലീഗില്‍ നിന്നു തിരിച്ചെത്തിയ ഷെഫീല്‍ഡ് യുനൈറ്റഡിന് ആദ്യജയം. കരുത്തരായ ക്രിസ്റ്റല്‍ പാലസിനെയാണ് 1-0നു ഷെഫീല്‍ഡ് തകര്‍ത്തത്. 47ാം മിനിറ്റില്‍ ലുണ്ടസ്റ്റോം ആണ് ഷെഫീല്‍ഡിനായി വലകുലുക്കിയത്.ശനിയാഴ്ച നോര്‍വിച്ച് സിറ്റിക്കെതിരെയാണ് ചെല്‍സിയുടെ അടുത്ത പോരാട്ടം.

Top