തിരിച്ചുവരവിനൊരുങ്ങി ക്രിസ്റ്റ്യന്‍ എറിക്സണ്‍, പുതിയ തട്ടകം ബ്രെന്റ്ഫോര്‍ഡ്

ലണ്ടന്‍: ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം ഡെന്മാര്‍ക്ക് സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ വീണ്ടും ഫുട്ബോള്‍ മൈതാനത്തേക്ക്. എറിക്സണെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബ്രെന്റ്ഫോര്‍ഡ് എഫ്.സി സ്വന്തമാക്കി.

സീസണ്‍ അവസാനിക്കുന്നതുവരെ എറിക്സണ്‍ ബ്രെന്റ്ഫോര്‍ഡിനുവേണ്ടി പന്തുതട്ടും. 29 കാരനായ എറിക്സണ്‍ ശാരീരിക പരിശോധനയ്ക്കും ക്വാറന്റീനിനും ശേഷം ടീമിനൊപ്പം ചേരും.

കഴിഞ്ഞ പത്തുവര്‍ഷങ്ങളായി ലോകത്തിലെ മുന്‍നിര ടീമുകളിലെ സ്ഥിരസാന്നിധ്യമാണ് എറിക്സണ്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ മുന്നേറ്റ താരമായിരുന്ന എറിക്സണ്‍ പിന്നീട് ഇന്റര്‍ മിലാനിലേക്ക് ചേക്കേറി. ഇന്ററിനൊപ്പം ലീഗ് കിരീടനേട്ടത്തില്‍ ഭാഗമാകാനും എറിക്സണ് സാധിച്ചു.

ഡെന്മാര്‍ക്കിന് വേണ്ടി 109 മത്സരങ്ങള്‍ കളിച്ച എറിക്സണ്‍ 36 ഗോളുകള്‍ നേടി. എന്നാല്‍ യൂറോകപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ എറികസണ്‍ കുഴഞ്ഞുവീണിരുന്നു. ഹൃദയാഘാതം മൂലം ഗ്രൗണ്ടില്‍ വീണ എറിക്സണ്‍ മരണത്തെ കീഴടക്കിയാണ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. ഏഴുമാസത്തെ വിശ്രമജീവിതത്തിനുശേഷം എറിക്സണ്‍ വീണ്ടും പന്തുതട്ടും.

അയാക്സില്‍ കളിച്ചുതുടങ്ങിയ എറിക്സണ്‍ പിന്നീട് ടോട്ടനത്തിലേക്ക് ചേക്കേറുകയായിരുന്നു. ടോട്ടനത്തിനായി 305 മത്സരങ്ങളില്‍ കളിച്ച താരമാണ് എറിക്സണ്‍.

 

Top