പ്രീമിയര്‍ ലീഗ്‌; ലിവര്‍പൂളിനെ മറികടന്ന് ചെല്‍സി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ജയം ചെല്‍സിക്ക്. ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. 42ആം മിനിറ്റില്‍ മേസണ്‍ മൗണ്ടാണ് ഗോള്‍ നേടിയത്. ഇതോടെ 27 മത്സരങ്ങളില്‍ നിന്നും 47 പോയിന്റുമായി ലീഗില്‍ ചെല്‍സി നാലാം സ്ഥാനത്തെത്തി.

ഇത്രയും മത്സരങ്ങള്‍ പിന്നിട്ട ലിവര്‍പൂള്‍ 43 പോയന്റുമായി ഏഴാം സ്ഥാനത്താണ്. തോമസ് ടുഷല്‍ പരിശീലക സ്ഥാനം ഏറ്റെടുത്തിന് ശേഷം ഇതുവരേയും ചെല്‍സി പരാജയം അറിഞ്ഞിട്ടില്ല. മറ്റൊരു മത്സരത്തില്‍ ഫുള്‍ഹാമിനെ ടോട്ടനം ഇതേ സ്‌കോറിന് തോല്‍പ്പിച്ചു. 19ആം മിനിറ്റില്‍ ഫുള്‍ഹാം താരം ടോസിന്‍ അഡാറബയോയുടെ സെല്‍ഫ് ഗോളാണ് ഹൊസെ മൗറിഞ്ഞോയ്ക്കും സംഘത്തിലും ജയം സമ്മാനിച്ചത്. ലീഗില്‍ എട്ടാം സ്ഥാനത്താണ് ടോട്ടനം.

26 മത്സരങ്ങളില്‍ 42 പോയിന്റാണ് അവര്‍ക്കുള്ളേത്. എവട്ടണ്‍ എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ബ്രോമിനെ തോല്‍പ്പിച്ചു. 65-ാം മിനിറ്റില്‍ റിച്ചാര്‍ളിസണാണ് ഗോള്‍ നേടിയത്. ഇറ്റാലിയന്‍ ലീഗില്‍ അലക്സി സാഞ്ചസിന്റെ ഇരട്ട ഗോളില്‍ ഇന്റര്‍ മിലാന് ജയം. 2-1ന് പാര്‍മയെയാണ് തോല്‍പ്പിച്ചത്. 54, 62 മിനുട്ടുകളിലായിരുന്നു അലക്സി സാഞ്ചസിന്റെ ഗോളുകള്‍. 71 ആം മിനുട്ടില്‍ ഹെര്‍നാനിയാണ് പാര്‍മയുടെ ആശ്വാസ ഗോള്‍ നേടിയത്.

 

Top