സിറ്റി ഗ്യാസ് പദ്ധതിയിൽ പ്രാഥമിക ടെൻഡർ പിന്നിട്ട് കോട്ടയവും, പത്തനംതിട്ടയും, ഇടുക്കിയും

കൊച്ചി: കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഉൾപ്പെടെ രാജ്യത്തെ 58 ജില്ലകളിൽ കൂടി സിറ്റി ഗ്യാസ് പദ്ധതി പ്രാഥമിക ടെൻഡർ ഘട്ടം പിന്നിട്ടു. സിറ്റി ഗ്യാസ് പദ്ധതിക്ക് അനുമതി നൽകുന്ന പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിന്റെ നേതൃത്വത്തിൽ നടന്ന 11 –ാമതു ബിഡിങ് നടപടികളുടെ ആദ്യ ഘട്ടമാണു കഴിഞ്ഞ ദിവസം പൂർത്തിയായത്.

80,000 കോടിയോളം രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കപ്പെടുന്നത്. കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും ഉൾപ്പെടുന്ന മേഖലയ്ക്കായി ടെക്നിക്കൽ ബിഡിൽ യോഗ്യത നേടിയത് 8 കമ്പനികൾ.

ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രസ്ട്രക്ചേഴ്സ്, സബർമതി ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഷോല ഗ്യാസ്കോ, തിങ്ക് ഗ്യാസ് ‍ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് എന്നിവയാണു രംഗത്ത്.
8 കമ്പനികളുടെയും രേഖകൾ പരിശോധിച്ചു പ്രൈസ് ബിഡ് ക്ഷണിക്കും. അതിൽ വിജയിക്കുന്ന കമ്പനിക്കു ലൈസൻസ് ലഭിക്കും.

പതുക്കെയാണെങ്കിലും കേരളത്തിലെ മറ്റു 11 ജില്ലകളിലും പദ്ധതി നേരത്തെ ആരംഭിച്ചിരുന്നു. ഗാർഹിക കണക്‌ഷൻ നൽകിത്തുടങ്ങിയതു പക്ഷേ, എറണാകുളം ജില്ലയിൽ മാത്രം.

Top