ദത്ത് വിവാദം; ശിശുവികസന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്നുണ്ടാകില്ല

തിരുവനന്തപുരം: അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വനിതാ ശിശുവികസന വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് നല്‍കിയേക്കില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്. എത്രയും പെട്ടെന്ന് പ്രാഥമിക കണ്ടെത്തലുകളോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം.

പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും എന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞത്. ശിശുക്ഷേമ സമിതി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്നിവിടങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തലെന്നാണ് സൂചന. കൂടുതല്‍ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമാകും പ്രാഥമിക റിപ്പോര്‍ട്ട് കൈമാറുക. ദത്തെടുക്കല്‍ നടപടിയില്‍ നാളെ വഞ്ചിയൂര്‍ കുടുംബ കോടതിയിലെ വിവരങ്ങളും ഏറെ പ്രധാനമാണ്. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ കോടതി നിലപാട് നാളെ അറിയാന്‍ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Top