കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇഡിയുടെ പ്രാഥമിക അന്വേഷണം

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം നടത്തുന്നു. ബാങ്കില്‍ ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു. രേഖകള്‍ ഹാജരാക്കാനാണ് ബാങ്കിന് ഇ ഡി നിര്‍ദേശം നല്‍കിയത്. നിരവധി ബിനാമി അക്കൗണ്ടുകള്‍ പ്രതികള്‍ക്കുണ്ടായിരുന്നു. പ്രതികളുടെ ബിനാമി ഇടപാടുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ വായ്പാ രേഖകളില്‍ ഏറെയും ബിനാമികളുടെതാണ്. വിശദമായ അന്വേഷണം ബിനാമി ഇടപാടിലുണ്ടാകും.

ആഭ്യന്തര സോഫ്റ്റ് വെയറിലെ ക്രമക്കേടുകളും പരിശോധിക്കും. അതേസമയം വിരമിച്ച ഉദ്യോഗസ്ഥരുടെ യൂസര്‍ ഐഡിയും തട്ടിപ്പിനായി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തിയതിലും അന്വേഷണം നടത്തും. തേക്കടി റിസോര്‍ട്ടിലെ മുഴുവന്‍ നിക്ഷേപകരുടെയും വിവരം ശേഖരിക്കും.

കഴിഞ്ഞ ദിവസം കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വ്യാജ വായ്പാ രേഖകള്‍ സൂക്ഷിച്ചിരുന്നത് പ്രത്യേക ലോക്കറിലെന്ന വിവരം പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ലോക്കര്‍ കണ്ടെത്തിയത്. കേസിലെ പ്രതികള്‍ക്ക് വിവിധ ബാങ്കുകളിലായി ഏഴിലേറെ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് വിവരം. ഇതിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു വരികയാണ്.

Top